ധോണിയെ വിമര്‍ശിച്ച ലക്ഷ്മണിന് സെവാഗിന്റെ മറുപടി 

Update: 2018-06-02 22:50 GMT
Editor : rishad
ധോണിയെ വിമര്‍ശിച്ച ലക്ഷ്മണിന് സെവാഗിന്റെ മറുപടി 
Advertising

മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കൂറ്റനടികള്‍ വേണ്ടിടത്ത് പതിയെ ബാറ്റ് ചെയ്തതാണ് ധോണിക്ക് വിനയായത്. പോരാത്തതിന് സമീപകാലത്ത് ടി20യില്‍ ധോണിക്ക് കാര്യമായി തിളങ്ങാനാവാതെ വന്നതും. ധോണിയെ വിമര്‍ശിച്ച് അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങി മുന്‍ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. യുവതാരങ്ങള്‍ക്കായി ധോണി ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു വിവിഎസ് ലക്ഷ്മണിന്റെ പരാമര്‍ശം. എന്നാല്‍ ധോണി ടി20 തന്നെ ഉപേക്ഷിക്കണമെന്നായിരുന്നു അഗാര്‍ക്കറിന്റെ അഭിപ്രായം.

ലക്ഷ്മണിന്റെ ഈ വിമര്‍ശനത്തിനെതിരെയാണ് സെവാഗ് രംഗത്ത് എത്തിയത്. ഒരു യുവതാരത്തിന്റെ വഴിയും ധോണി മുടക്കില്ലെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ഈയൊരവസരത്തില്‍ ധോണിയെ ടീം ഇന്ത്യക്ക് ആവശ്യമുണ്ട്, അത് ടി20യായാലും. അദ്ദേഹം യഥാസമയത്ത് തന്നെ വിരമിക്കുമെന്നും എന്നാല്‍ വലിയ ടോട്ടലുകള്‍ പിന്തുടരുമ്പോള്‍ തുടക്കത്തിലെ അനുകൂലമാക്കാന്‍ ധോണി ശ്രമിക്കണമെന്നും സെവാഗ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ധോണിക്ക് ഇതുവരെ പകരക്കാരെ കണ്ടെത്തിയിട്ടില്ലെന്ന് സെവാഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്‌കോട്ട് ഏകദിനത്തില്‍ 9.1ഓവറില്‍ 67ന് നാല് എന്ന നിലയിലായിരുന്നു ധോണി ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത്.

എന്നാല്‍ തുടക്കത്തില്‍ പന്ത് അടിച്ച് അകറ്റാന്‍ ധോണി വിഷമിച്ചു. ഫലമോ ഇന്ത്യയുടെ റിക്വയേര്‍ഡ് റണ്‍റേറ്റ് ഉയരുകയും ചെയ്തു. എന്നാല്‍ അവസാനത്തില്‍ ധോണിയുടെ ഭാഗത്ത് നിന്ന് കൂറ്റനടികളുണ്ടായെങ്കിലും അത് പോരായിരുന്നു. 37 പന്തില്‍ 49 റണ്‍സാണ് ധോണി നേടിയത്. ആ മത്സരത്തില്‍ ഇന്ത്യ 40 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്നത്തെ മത്സരത്തില്‍ ധോണിയുടെ പ്രകടനവും നിര്‍ണ്ണായകമാവും.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News