ലാ ലിഗയിൽ ബാഴ്സലോണക്ക് അപൂര്‍വ്വ റെക്കോഡ്; മെസിക്ക് നാല്പതാം ഹാട്രിക്ക്
1979-80 സീസണിൽ റയൽ സൊസീഡാഡ് നടത്തിയ ഐതിഹാസിക കുതിപ്പിനൊപ്പമാണ് (38) ബാഴ്സ എത്തിയിരിക്കുന്നത്. ഈ സീസണിൽ 31കളി ജയിച്ച ബാഴ്സലോണ കഴിഞ്ഞ സീസണിലെ അവസാന ഏഴു മത്സരത്തിലും തോൽവിയറിഞ്ഞിട്ടില്ല...
ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് അപരാജിത കുതിപ്പ്. ലെഗാനസിനെ 3-1ന് വീഴ്ത്തിയ ബാഴ്സ രണ്ട് സീസണിലായി തോൽവിയറിയാതെ 38 മത്സരങ്ങളും പൂര്‍ത്തിയാക്കി.
1979-80 സീസണിൽ റയൽ സൊസീഡാഡ് നടത്തിയ ഐതിഹാസിക കുതിപ്പിനൊപ്പമാണ് (38) ബാഴ്സ എത്തിയിരിക്കുന്നത്. ഈ സീസണിൽ 31കളി ജയിച്ച ബാഴ്സലോണ കഴിഞ്ഞ സീസണിലെ അവസാന ഏഴു മത്സരത്തിലും തോൽവിയറിഞ്ഞിട്ടില്ല.
ലെഗാനസിനെതിരെ നുകാംപിൽ ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി കളിതീരാൻ മൂന്നു മിനിറ്റ് ശേഷിക്കേ മൂന്നാം വട്ടവും വലകുലുക്കി. കരിയറിൽ മെസ്സിയുടെ നാല്പതാം ഹാട്രിക്കാണിത്. ലാലിഗയിലെ 29ആമത്തേയും. 68ആം മിനിറ്റില്‍ നബീൽ എല്സാറിലൂടെ ലെഗനെസ് ഒരു ഗോള്‍ മടക്കിയെങ്കിലും ബാഴ്സക്കെതിരെ വെല്ലുവിളി ഉയർത്താനായില്ല.
30 വാരെ അകലെനിന്ന് മെസ്സി നേടിയ അതി മനോഹരമായ ഒരു ഫ്രീകിക്കിലൂടെയാണ് ആദ്യഗോൾ പിറന്നത്. 2006-2007 സീസണിൽ റൊണാൾഡീന്യോ നേടിയ ആറ് ഫ്രീകിക്ക് ഗോളുകൾക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും മെസ്സിയാണ്. ഇതോടെ ലീഗിലെ മെസ്സിയുടെ ഗോൾ സമ്പാദ്യം 29 ആയി.
സീസണിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കേ 79 പോയൻറുള്ള ബാഴ്സലോണക്ക് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനെക്കാൾ 11 പോയിന്റ് ലീഡായി. വലൻസിയ(65) മൂന്നും റയൽ മഡ്രിഡ്(64) നാലും സ്ഥാനത്താണ്.