സാനിയയെയും ശല്യംചെയ്തു; ബംഗ്ലാ ക്രിക്കറ്റ് താരം സബ്ബിറിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്
മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദത്തിലായ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്.
മോശം പെരുമാറ്റത്തിന്റെ പേരില്‍ ആറ് മാസത്തെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്. ടെന്നീസ് താരം സാനിയ മിര്‍സയെ സബ്ബിര്‍ ശല്യം ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സബ്ബിറിനെതിരെ സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക് പരാതി നല്‍കിയിരുന്നുവെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷം മുന്‍പാണ് സംഭവം. ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മത്സരത്തിന് തന്നോടൊപ്പം വന്ന സാനിയയെ സബ്ബിര്‍ ശല്യം ചെയ്തെന്നാണ് മാലികിന്റെ പരാതി. സബ്ബിറിനെതിരെ മാലിക് ക്രിക്കറ്റ് കമ്മറ്റി ഓഫ് ധാക്ക മെട്രോപോളിസ് ചെയര്മാന് പരാതി നല്‍കിയിരുന്നുവെന്നും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മാലികിന്റെ പരാതിയില്‍ എന്തെങ്കിലും നടപടിയെടുത്തിരുന്നോ എന്ന് വ്യക്തമല്ല.
നേരത്തെയും ക്രീസിന് പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സബ്ബിര്‍ റഹ്മാന് ബംഗ്ലാദേശിന് തലവേദനയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിച്ചതിന് നടപടി നേരിട്ടു. 2016ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചതിന് പിഴയടയ്ക്കേണ്ടിവന്നു.
താരത്തെ ആറ് മാസത്തേക്ക് വിലക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പിന്നാലെയാണ് സബ്ബിര്‍ സാനിയയെ ശല്യപ്പെടുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.