വോളിബോള്‍ അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുള്ള തര്‍ക്കം തുടരുന്നു
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട നാലകത്ത് ബഷീറിനെയും ചാര്‍ളി ജേക്കബിനെയും വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമാക്കിയതും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചൊടിപ്പിച്ചു
സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ നടപടി തുടരുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. വോളിബോള്‍ രംഗത്ത് പ്രാവീണ്യം തെളിയിച്ചവരെ ഉള്‍പ്പെടുത്തി പുതിയ അഡ്‌ഹോഗ് കമ്മിറ്റി രൂപീകരിക്കും. അസോസിയേഷനെതിരെ വോളിബോള്‍ ഫെഡറേഷനെ സമീപിക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് ആക്ടിന് വിരുദ്ധമായി ബൈലോ ഇറക്കുകയും കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജില്ലാ സംസ്ഥാന ഇലക്ഷനുകള്‍ നടത്തിയതിനുമാണ് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈലോ തയ്യാറാക്കാമെന്നും വീണ്ടും ഇലക്ഷന്‍ നടത്താമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ പുതുക്കിയ ബൈലോ പഴയതിനെക്കാള്‍ ഘടകവിരുദ്ധമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പറയുന്നത്.
മൂന്ന് ടേം കഴിഞ്ഞവര്‍ പ്രിസിഡന്റും സെക്രട്ടറിയുമാകരുതെന്നാണ് നയം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട നാലകത്ത് ബഷീറിനെയും ചാര്‍ളി ജേക്കബിനെയും വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമാക്കിയതും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചൊടിപ്പിച്ചു.