ഗ്രൗണ്ടിൽ തെന്നി വീണത് രണ്ട് തവണ; പ്യൂമക്ക് ചെൽസി താരം കുക്കുറയ്യ നൽകിയത് എട്ടിന്റെ പണി
കുക്കുറേയ്യ രണ്ട് തവണ തെന്നി വീണപ്പോഴും ടോട്ടനം ചെൽസിക്കെതിരെ ഗോൾ നേടിയിരുന്നു
ലണ്ടൻ: ക്രിസ്മസ് വിപണയിലേക്ക് ആഗോള ഭീമൻമാരായ പ്യൂമ ഒരു പുത്തൻ ബൂട്ടിറക്കി. പരിഷ്‌കരിച്ച ഡിസൈനുള്ള നെക്‌സ്റ്റ്-ജെൻ പ്യൂമ ഫ്യൂച്ചർ 8 ആ ബൂട്ട് തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരിൽ കുക്കുറയ്യ തന്നെ ഉദ്ഘാടനം ചെയ്യട്ടെ എന്ന് പ്യൂമ തീരുമാനിച്ചു. എന്നാൽ ആ ഉദ്ഘാടനം വേണ്ടായിരുന്നു എന്ന് ഇപ്പോൾ പ്യൂമക്ക് തോന്നുന്നുണ്ട്.
Successful hate watch against cucurella pic.twitter.com/tGnU2N768D
— Welé 🏴🇬🇲🐐 (@ZanqeeBHAFC) December 8, 2024
സംഭവങ്ങളിങ്ങനെ... ലണ്ടൻ ഡെർബിയിൽ ടോട്ടനവും ചെൽസിയും തമ്മിൽ ഉഗ്രപോരാട്ടം നടക്കുന്നു. ഇതിനിടയിൽ രണ്ടുതവണ കുക്കുറയ്യ ഗ്രൗണ്ടിൽ സ്ലിപ്പായി വീണു. വെറുമൊരു സ്ലിപ്പായിരുന്നില്ല അത്. ആ രണ്ട് സ്ലിപ്പും മുതലെടുത്ത് ടോട്ടനം ഗോളും നേടി. പിന്നാലെ കുക്കുറയ്യ ഗ്രൗണ്ടിന് പുറത്തേക്ക് പോയി തന്റെ ബൂട്ട് മാറുകയും ചെയ്തു. താൻ ധരിച്ച പ്യൂമയുടെ പുത്തൻ ബൂട്ട് മാറ്റി ഓൾഡ് മോഡൽ തന്നെ അണിയാൻ താരം തീരുമാനിക്കുകയായിരുന്നു. എന്തായാലും പിന്നീട് കുക്കുറയ്യ സ്ലിപ്പായില്ല. മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.രണ്ട് ഗോളിന് പിന്നിൽ നിന്നെങ്കിലും ചെൽസി മത്സരം വിജയിക്കുകയും ചെയ്തു.
മത്സരത്തിന് താൻ സ്ലിപ്പായ ബൂട്ട് 'സോറി ബ്ലൂസ്' എന്ന ക്യാപ്ഷനോടെ ട്രാഷ് ബിന്നിലിട്ട ചിത്രം കുക്കുറയ്യ പോസ്റ്റ് ചെയ്യുകയും ചെയ്തു. വലിയ സംഭവമായി പ്യൂമ അവതരിപ്പിച്ച പുത്തൻ മോഡലാണ് അംബാസിഡർ കൂടിയായ സ്പാനിഷ് താരം വേസ്റ്റ് ബിന്നിലിട്ടത്. വൈകാതെ കുക്കുറയ്യ ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും പ്യൂമയുടെ പുതിയ മോഡലിന് ആഗോള മാർക്കറ്റിൽ വിൽപനയിൽ വലിയ ഇടിവാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പോയ വർഷം കളിക്കിടെ പ്യൂമയുടെ ബൂട്ട് പൊളിഞ്ഞതിനെത്തുടർന്ന് കുക്കുറയ്യ അൽപനേരം ബൂട്ടില്ലാതെ കളിച്ചിരുന്നു.