ചാമ്പ്യൻസ് ലീഗ്: ജയിച്ചു കയറി ബാഴ്സ, രക്ഷയില്ലാതെ സിറ്റി
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡോർട്ടമുണ്ട് ഉയർത്തിയ വെല്ലുവിളി കടന്ന് ബാഴ്സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. അതേ സമയം വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോം തുടരുന്നു. യുവന്റസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ തോൽവി. മൊണോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ആർസനലും മൂന്ന് പോയന്റുകൾ നേടിയെടുത്തു.
ഡോർട്ട് മുണ്ടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 52ാം മിനിറ്റിൽ റഫീന്യയിലൂടെ ബാഴ്സയാണ് തുടങ്ങിയത്. 60ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി സെർഹോ ഗ്വരാസി ഡോർട്ട്മുണ്ടിനെ ഒപ്പമെത്തിച്ചു. 75ാം മിനിറ്റിൽ ഫെറൻ ടോറസ് ബാഴ്സക്ക് ലീഡ് നൽകിയെങ്കിലും ഗ്വരാസി ഡോർട്ട്മുണ്ടിനായി സമനില ഗോൾ നേടി. ഒടുവിൽ 85ാം മിനിറ്റിൽ ഫെറൻ ടോറസ് നേടിയ രണ്ടാം ഗോളിന്റെ ബലത്തിലാണ് ബാഴ്സ വിജയരഥമേറിയത്. ആറ് മത്സരങ്ങളിൽ 15 പോയന്റുള്ള ബാഴ്സ പോയന്റ് പട്ടികയിൽ രണ്ടാമതാണ്. ആറിൽ ആറും ജയിച്ച ലിവർപൂളാണ് ഒന്നാമത്.
53ാം മിനിറ്റിൽ ഡുസാൻ വ്ളാഹോവിക്, 75ാം മിനിറ്റിൽ വെസ്റ്റൺ മെക്കന്നി എന്നിവരാണ് യുവന്റസിനായി സിറ്റിയുടെ ഹൃദയം പിറന്ന ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ആറുമത്സരങ്ങളിൽ എട്ട് പോയന്റുള്ള സിറ്റി നിലവിൽ 22ാം സ്ഥാനത്താണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി കളിച്ച അവസാനത്തെ പത്ത് മത്സരങ്ങളിൽ നിന്നും സിറ്റിയുടെ ഏഴാം തോൽവിയാണിത്.
പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ആർസനൽ അർഹിച്ച വിജയമാണ് നേടിയത്. 34, 78 മിനുറ്റുകളിൽ ബുകായോ സാക്ക നേടിയ ഇരട്ട ഗോളുകളും കൈ ഹാവർട്ടസ് 88ാം മിനുറ്റുകളിൽ നേടിയ ഗോളുമാണ് ആർസനലിന് വിജയമുറപ്പിച്ചത്.