ചെൽസിയിൽ മരെസ്‌ക ടാക്റ്റിക്‌സിൽ ക്ലിക്കായി എൻസോ; യുവതാരത്തെ ലക്ഷ്യമിട്ട് റയലും ബാഴ്‌സയും

അവസാന ആറു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോൾ നേടിയ യുവതാരം ആറു അസിസ്റ്റും നൽകി

Update: 2024-12-12 11:56 GMT
Editor : Sharafudheen TK | By : Sports Desk
Advertising

2023 ജനുവരി ട്രാൻസ്ഫർ വിൻഡോ. പ്രീമിയർലീഗ് ചരിത്രത്തിലെ എക്കാലത്തേയും വലിയ കൈമാറ്റ തുകയായ 120 മില്യൺ നൽകി ഒരു 22 കാരൻ പയ്യനെ ചെൽസി കൂടാരത്തിലെത്തിക്കുന്നു. ഖത്തർ ലോകകപ്പ് കിരീടം ചൂടിയ അർജന്റീന ടീമിലെ നിർണായക പ്രകടനം.... ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. ഇങ്ങനെ കരിയറിലെ ഉന്നതിയിൽ നിൽക്കവെയാണ് എൻസോ ഫെർണാണ്ടസ് എന്ന മധ്യനിരതാരം സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പടികയറിയത്. പ്രതീക്ഷയുടെ പുതിയ ആകാശം തേടിയെത്തിയ ആ യുവതാരത്തിന് നീലപ്പടയുടെ ഓരോ മത്സരവും വെല്ലുവിളി നിറഞ്ഞതായിരുന്നു.



 തുടർ തോൽവികൾ. ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാതെ മിഡ് ടേബിൾ ടീം. വമ്പൻമാർ മുതൽ കുഞ്ഞൻ ക്ലബുകൾക്ക് വരെ തോൽപിക്കാവുന്നവരായി ചെൽസി മാറിയിരുന്നു. ഒരു പരിശീലകനും അധികം നിലയുറപ്പിക്കാത്ത ഇടം. മറുവശത്ത് ക്ലബ് ഉടമകൾ തമ്മിലുള്ള അധികാര വടംവലി. ഒരു പ്രൊഫഷണൽ ക്ലബിനെ സംബന്ധിച്ച് ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷം. ബെനഫികയിൽ നിന്നും എൻസോ ചെൽസിയിലേക്കല്ല വരേണ്ടത് എന്ന് പലരും കരുതി. കരിയറിലെ ടോപ്പിൽ നിൽക്കെ എൻസോ തന്റെ ഭാവി കളഞ്ഞുകുടിക്കുകയാണെന്നും പലരും വിമർശനമുയർത്തി.



 ഒരുപടി കൂടി കടന്ന് താരം ചെൽസിയോട് വിടപറയാനൊരുങ്ങുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ അച്ചുനിരത്തി. തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ചെൽസിക്കായി ഗോൾനേടി തന്റെ എട്ടാം നമ്പർ ജഴ്സി ഗ്യാലറിക്ക് നേരെയുയർത്തികാട്ടിയാണ് താൻ ഇവിടെതന്നെയുണ്ടാകുമെന്ന പ്രഖ്യാപനം അർജന്റൈൻ താരം നടത്തിയത്. അതിനിടയിൽ കോപ്പ ആഘോഷത്തിനിടെ വംശീയ മുദ്രാവാക്യങ്ങൾ വിളിച്ച് അപമാനം സ്വയം ചോദിച്ചുവാങ്ങുകയും ചെയ്തു.



 2024-25 സീസൺ. മൗറീഷ്യോ പൊച്ചറ്റീനോയുടെപകരക്കാരനായി ഇറ്റാലിയൻ പരിശീലകൻ എൻസോ മരെസ്‌ക സ്ഥാനമേൽക്കുന്നു. ആരും പ്രത്യേകിച്ചൊന്നും കരുതിയില്ല. കാരണം ചെൽസിയിൽ ഇതൊക്കെ ഒരു ശീലമായി മാറിയിരുന്നു. പതിവുപോലെ പോയ സമ്മർ ട്രാൻസ്ഫറിലും കൂടുതൽ പണമെറിഞ്ഞത് ചെൽസിയാണ്. ജംബോ സ്‌ക്വാർഡ് ഉൾപ്പെടെയുള്ള വിമർശനങ്ങൾ വേറെയും. ഇത് പതിവ് ചെൽസി തന്നെയെന്ന് എല്ലാവരും വിധികുറിച്ചു. എന്നാൽ മാറിയ ചെൽസിയെയാണ് ഇംഗ്ലീഷ് മൈതാനങ്ങൾ കണ്ടത്. ഇറ്റാലിയൻ പരിശീലകന്റെ വരവോടെ ബ്രിഡ്ജിൽ നിന്നും നല്ല വാർത്തകൾ കേട്ടു തുടങ്ങി. പോയ 15 പ്രീമിയർ ലീഗ് മത്സരത്തിൽ കണ്ടത് മഹത്തായ ഭൂതകാലത്തെ ഓർമിപ്പിക്കുന്ന ചെൽസിയുടെ മിന്നലാട്ടങ്ങളാണ്. എത്രഗോളിന് പിറകിൽ നിൽക്കുകയാണെങ്കിലും തിരിച്ചുവരാനാകുമെന്ന പ്രതീതി ആരാധകർക്ക് വന്നു തുടങ്ങി. കലഹിച്ച് തുടങ്ങിയ യങ് ബ്ലെഡിനെ ചുരുങ്ങിയ കാലംകൊണ്ട് ഫൈറ്റിങ് സ്പിരിറ്റുള്ള സംഘമാക്കി മാറ്റാൻ മരെക്സക്ക് കഴിഞ്ഞു.




  മരെസ്‌ക ടാക്റ്റിക്സിലെ പ്രധാനിയാണ് എൻസോ ഫെർണാണ്ടസ്. തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്ത് അർജന്റൈൻ താരം പ്രതീക്ഷ കാക്കുന്നു. അവസാനം കളിച്ച ആറു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും ആറു അസിസ്റ്റുമാണ് 23 കാരൻ നൽകിയത്. യൂറോപ്പിലെ ടോപ് ക്ലാസ് മിഡ്ഫീൽഡർമാരുടെ പട്ടികയിലേക്കാണ് എൻസോയും കസേര വലിച്ചിടുന്നു. ഗ്രഹാം പോട്ടർ, പൊച്ചറ്റീനോ കളിശൈലികളിൽ നിരായുധനായിരുന്ന എൻസോ ഉണർന്നെണീറ്റു. മൊയ്സെഡ് കയ്സെഡോ-എൻസോ ഫെർണാണ്ടസ് കൂട്ടുകെട്ട് മധ്യനിരയിൽ ചെൽസിയുടെ ചാലകശക്തിയാകുന്നു.



ഈ സീസണിൽ 970 മിനിറ്റ് എൻസോ കളത്തിലുണ്ടായിരുന്നു. വിജയകരമായി ത്രൂബോൾ നൽകിയതിൽ ഒൻപതാം സ്ഥാനത്ത്. തന്റെ പത്ത് സ്വിച്ച് ഓഫ് പ്ലെയിൽ മൂന്നും ഗോളിലേക്ക് കൺവേട്ട് ചെയ്യാനും അർജന്റൈൻ താരത്തിനായി. ഓപ്പൺ പ്ലേയിൽ ഗോളവസരങ്ങൾ സൃഷ്ടിച്ചതിൽ ലിവർപൂളിന്റെ മുഹമ്മദ് സലാഹും ചെൽസിയുടെ കോൾ പാൽമറും മാത്രമാണ് എൻസോക്ക് മുന്നിലുള്ളത്. അറ്റാക്കിങിൽ മാത്രമല്ല ചെൽസി ഡിഫൻസിലും നിർണായക റോളുകൾ നടത്തിവരുന്നു. ഡീപായി കളിച്ച് പന്ത് റിക്കവർ ചെയ്യുന്നതോടൊപ്പം കൗണ്ടർ അറ്റാക്കിൽ താരം നിർണായ റോൾ വഹിക്കുന്നു.

നിലവിലെ മിന്നും ഫോമിലുള്ള ചെൽസി താരത്തെ ലക്ഷ്യമിട്ട് റയൽമാഡ്രിഡും ബാഴ്സയുമടക്കമുള്ള വമ്പൻമാർ രംഗത്തുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചെൽസിക്കൊപ്പം ഒരു സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ് താരമിപ്പോൾ. ഏറെക്കാലത്തെ ഫുട്ബോൾ കരിയർ ഇനിയും അയാൾക്ക് മുന്നിൽ ബാക്കിയുണ്ട്. മാറ്റങ്ങളുടെ കാലത്ത് ഇനിയും എന്തെല്ലാമാണ് അയാൾ ബാക്കിവെച്ചിരിക്കുന്നത്. കാത്തിരുന്ന് കാണാം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News