ത്രില്ലർ പോരിൽ വിജയിച്ച് റയൽ; ജയം തുടർന്ന് ലിവർപൂൾ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനും പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനും വിജയം. ഇറ്റാലിയൻ ക്ലബായ അറ്റലാന്റ ഉയർത്തിയ കനത്ത വെല്ലുവിളി 3-2നാണ് റയൽ മറികടന്നത്. മുഹമ്മദ് സലാഹിന്റെ പെനൽറ്റി ഗോളിലാണ് ലിവർപൂൾ ജിറൂണയെ തോൽപ്പിച്ചത്. മറ്റു മത്സരങ്ങളിൽ ശക്തരായ ബയേൺ ഷാക്തറിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കും പി.എസ്.ജി ആബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചു.
അറ്റലാന്റയുടെ തട്ടകത്തിൽ പത്താം മിനുറ്റിൽ എംബാപ്പെയിലൂടെ റയലാണ് മുന്നിലെത്തിയത്. തുടർന്ന് ചാൾസ് ഡെ കെറ്റലേരെയിലൂടെ അറ്റലാന്റ തിരിച്ചടിച്ചു. തുടർന്ന് 56ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ, 59ാം മിനുറ്റിൽ ജൂഡ് ബെല്ലിങ് ഹാം എന്നിവരിലൂടെ റയൽ ലീഡെടുത്തു. 65ാം മിനുറ്റിൽ അഡമോല ലുക്മാനിലൂടെ അറ്റലാന്റ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനില ഗോളിലേക്ക് എത്താനായില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ഇറ്റാലിയൻ ക്ലബാണ് മുന്നിട്ടുനിന്നത്.
ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ തുടർച്ചയായ ആറാം ജയമാണ് ജിറൂണക്കെതിരെ ലിവർപൂൾ നേടിയത്. 63ാം മിനുറ്റിലെ മുഹമ്മദ് സലാഹിന്റെ പെനൽറ്റി ഗോളാണ് ചെമ്പടക്ക് തുണയായത്. ആറിൽ ആറും ജയിച്ച ലിവർപൂൾ 18 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ററിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ലെവർക്യൂസണാണ് 13 പോയന്റുമായി രണ്ടാമതുള്ളത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനുറ്റിൽ നേടിയ ഗോളിൽ ഷാക്തർ ബയേണിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ 11ാം മിനുറ്റിൽ കൊന്റാഡ് ലൈമർ ബയേണിനായി തിരിച്ചടിച്ചു. 45ാം മിനുറ്റിൽ വെറ്ററൻ താരം തോമസ് മുള്ളർ ബയേണിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ മൈക്കൽ ഒലിസിന്റെ ഇരട്ട ഗോളിലും ജമാൽ മുസിയാലയുടെ ഗോളിലും ബയേൺ സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരിൽ ആർ.ബി ലെപ്സിഷിനെ ആസ്റ്റൺ വില്ല വീഴ്ത്തി. 85ാം മിനുറ്റിൽ റോസ് ബാർക്ലിയാണ് ആസ്റ്റൺ വില്ലക്ക് ആസ്റ്റൺ വില്ലക്കായി വിജയഗോൾ നേടിയത്.