പന്ത് കപ്പിത്താനായി, തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ; ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം

99 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്.

Update: 2021-03-28 11:58 GMT
Advertising

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. 48.2 ഓവറില്‍ 329 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആകുകയായിരുന്നു. നേരത്തെ മികച്ച തുടക്കം ലഭിച്ചതിന് ശേഷം ഇന്ത്യന്‍ മുന്നേറ്റ നിര തകര്‍ന്നടിഞ്ഞു. അവിടെ നിന്ന് മധ്യനിരയില്‍ റണ്‍സ് കണ്ടെത്തി ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിങ്സില്‍ രക്ഷകരാകുകയായിരുന്നു. 99 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 43 ബോളില്‍ അഞ്ച് ബൌണ്ടറികളും നാല് സിക്സറുകളുമായി 64 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടത്തിയത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.

ആദ്യം ബാറ്റിങിനിറങ്ങി കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ശേഷം തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമാവുകായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയെങ്കിലും ടീം സ്കോര്‍ 103ല്‍ നില്‍ക്കേ രോഹിത് വീണു. വ്യക്തിഗത സ്കോര്‍ 37ല്‍ നില്‍ക്കവെയാണ് ആദില്‍ റഷീദിന്‍റെ പന്തില്‍ ബൌള്‍ഡായി രോഹിത് മടങ്ങുന്നത്. ബ്രേക് ത്രൂ അനിവാര്യമായിരുന്ന ഇംഗ്ലണ്ട് അവിടെ നിന്ന് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് ഓവറിനിടെ മികച്ച ഫോമില്‍ നിന്ന് ശിഖര്‍ ധവാനെയും ആദില്‍ റഷീദ് തന്നെ പുറത്താക്കി. മികച്ച ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് ധവാനെ പുറത്താക്കിയത്. 55 ബോളില്‍ 10 ബൌണ്ടറിയുള്‍പ്പടെ 67 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു ധവാന്‍റെ മടക്കം.

വണ്‍ഡൌണായെത്തിയ ക്യാപ്റ്റന്‍ കോഹ്‍ലിക്ക് ആകട്ടെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പവലിയനിലെത്തേണ്ടി വന്നു. മോയിന്‍ അലിയുടെ പന്തില്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. ഒന്‍പത് പന്തില്‍ നിന്നായി ഏഴ് റണ്‍സ് മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‍ലിയുടെ വിക്കറ്റ് വീണതിന് ശേഷം ഒത്തുചേര്‍ന്ന രാഹുല്‍-ഋഷഭ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് ആരാധകര്‍ പ്രതീക്ഷ വെക്കവേയാണ് രാഹുലിന്‍റെ വിക്കറ്റും ടീമിന് നഷ്ടമാകുന്നത്. ലിവിങ്സ്റ്റണിന്‍റെ പന്തില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം കൂടാരം കയറിയത്. ശേഷം ഒത്തുചേര്‍ന്ന പാണ്ഡ്യയും പന്തും ഇന്ത്യന്‍ ഇന്നിങ്സില്‍ രക്ഷകരാകുകയായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News