ഷൂട്ടിങില്‍ വീണ്ടും സ്വര്‍ണത്തിളക്കം; ഏഷ്യന്‍ ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം
ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ആറായി
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ആറായി. സരബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മത്സരിച്ചത്.
1734 പോയിന്‍റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം വെടിവെച്ചിട്ടത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന ലാപ്പില്‍ ഇന്ത്യൻ താരങ്ങളേക്കാൾ ഒരു പോയിന്‍റ് പിന്നിലാവുകയായിരുന്നു. 1733 പോയിന്‍റുമായി ചൈന വെള്ളിയും, 1730 പോയിന്‍റുമായി വിയറ്റ്നാം വെങ്കലവും നേടി.
ടീം ഇനത്തിലെ സ്വര്‍ണത്തിന് പുറമേ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ റൌണ്ട് മത്സരങ്ങൾ നടക്കും.
അതേസമയം ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 24 ആയി. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 79 സ്വര്‍ണവുമായി ചൈനയും 19 സ്വര്‍ണവുമയി കൊറിയയുമാണ് മെഡല്‍ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.