'ജയിച്ചുവരൂ, നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാം'; പിവി സിന്ധുവിനോട് നരേന്ദ്രമോദി
ടോക്യോയിൽ വിജയം ആവർത്തിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു
ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിന് പോകുന്ന ഇന്ത്യൻ സംഘത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില അത്‌ലറ്റുകളോട് ആഴത്തിൽ സംസാരിച്ചും അവരുടെ കഥകൾ ചോദിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ബാഡ്മിന്റൺ സൂപ്പർതാരം പിവി സിന്ധുവുമായി സംസാരിക്കവെ, ജയിച്ചു വന്ന് നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാം എന്ന് മോദി പറഞ്ഞു.
2016ലെ റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ശേഷമുള്ള അഭിമുഖത്തിൽ ഐസ്‌ക്രീം കഴിക്കുന്നത് പോലും കോച്ച് ഗോപീചഞ്ച് വിലക്കിയിരുന്നതായി സിന്ധു പറഞ്ഞിരുന്നു. ഇത് ഓർത്തെടുത്തായിരുന്നു മോദിയുടെ വാക്കുകൾ. ഒളിംപിക്‌സ് അടുത്ത വേളയിൽ ഡയറ്റ് സൂക്ഷിക്കുന്നതായും ഐസ്‌ക്രീം കഴിക്കുന്നില്ലെന്നും സിന്ധു മറുപടി നൽകി.
ടോക്യോയിൽ വിജയം ആവർത്തിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. 'കഠിനാധ്വാനം ചെയ്യൂ. എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്. ഈ സമയത്തും നിങ്ങൾ വിജയിയാകും. വിജയിച്ചു വന്ന ശേഷം എല്ലാവരെയും കാണുമ്പോൾ ഞാൻ നിങ്ങൾക്കൊപ്പം ഒരു ഐസ്‌ക്രീം നുണയാം'- ചിരിയോടെ പ്രധാനമന്ത്രി പറഞ്ഞു.
അമ്പെയ്ത്തുകാരി ദീപിക കുമാരി, ബോക്‌സർ മേരി കോം, ജാവലിൻ താരം നീരജ് ചോപ്ര തുടങ്ങിയവരോടും പ്രധാനമന്ത്രി സംസാരിച്ചു. സമ്മർദത്തെ കുറിച്ച് ആകുലപ്പെടേണ്ടെന്നും ഹൃദയം കൊണ്ട് കളിക്കൂവെന്നും മോദി താരങ്ങളെ ഉപദേശിച്ചു.