വരുന്നു കാനറിപ്പട, നെയ്മറില്ലാതെ

സമീപകാലത്ത് ലോക ഫുട്​ബോളിന്‍റെ സിംഹാസനം വിട്ടിറങ്ങേണ്ടി വന്ന ബ്രസീലുകാർ​ സാമ്രാജ്യങ്ങൾ തിരിച്ചുപിടിക്കാനാണ്​ ഇക്കുറി കോപ്പയിൽ ബൂട്ട്​ കെട്ടുന്നത്​

Update: 2024-06-24 13:14 GMT
Advertising

ബ്രസീല്‍.. ലോക ഫുട്​​ബോളിൽ അധികം ആമുഖങ്ങളൊന്നും വേണ്ടാത്ത രാജ്യം. ബ്രസീൽ എന്ന പേരുകേട്ടാൽ ഏതാണ്ടെല്ലാ തലമുറകൾക്കും ഓർക്കാൻ ഒരുപാട്​ മനോഹരകഥകളുണ്ട്​. ലോകഫുട്​ബോളിന്​ ഒന്നും നൽകാതെ അവരുടെ ഒരു തലമുറയും മടങ്ങിയിട്ടില്ല. ബ്രസീലുകാർ ഫുട്​ബോളിനെ തങ്ങളുടെ പതാകയിൽ കൊത്തിവെച്ചപ്പോൾ ലോകം ബ്രസീലിനെ ഹൃദയത്തിലും കൊത്തിവെച്ചു. അൽപ്പകാലമായി ലോക ഫുട്​ബോളിന്‍റെ സിംഹാസനം വിട്ടിറങ്ങേണ്ടി വന്ന ബ്രസീലുകാർ​ സാമ്രാജ്യങ്ങൾ തിരിച്ചുപിടിക്കാനാണ്​ ഇക്കുറി കോപ്പയിൽ ബൂട്ട്​ കെട്ടുന്നത്​.

ഒരുപതിറ്റാണ്ടിലേറെക്കാലം ചിറകായിരുന്ന നെയ്​മർ ഇല്ലാതെയാണ്​ കാനറികൾ അമേരിക്കയിലേക്ക്​ വന്നിറങ്ങിയിരിക്കുന്നത്​. ഓർമയില്ലേ.. 2010 ലോകകപ്പ്​. അന്ന്​ ബ്രസീലിയൻ മൈതാനങ്ങളിൽ സാ​ന്‍റോസിനായി നെയ്​മർ നിറഞ്ഞാടുന്ന നേരമാണ്​. നെയ്​മറിനെ ടീമിൽ ചേർക്കാനായി 14,000 പേര് ഒപ്പിട്ട നിവേദനം ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് ലഭിക്കുകയുണ്ടായി. പെലെയും റൊമാരിയോയും അടക്കമുള്ള മുൻതാരങ്ങൾ നെയ്​മറില്ലാതെ പോകരുതെന്ന്​ കോച്ച്​ ദുംഗയോട്​ പറഞ്ഞു. പക്ഷേ എന്ത്​ പ്രതിഭയാണെങ്കിലും അന്താരാഷ്ട്ര പരിചയമില്ലെന്ന ചൂണ്ടിക്കാണിച്ച് ദും​ഗെ 23 അം​ഗ ടീമിൽ നെയ്മറെ ഉൾപ്പെടുത്തിയില്ല. ദുംഗയുടെ വീടിന്​ പുറത്തുവരെ പ്രതിഷേധങ്ങളുണ്ടായി.

പക്ഷേ പിന്നീടങ്ങോട്ട്​ ഏത്​ ടൂർണമെൻറ്​ വന്നാലും നെയ്​മറായിരുന്നു മഹത്തായ ബ്രസീലിയൻ ഫുട്​ബോളി​ന്‍റെ പതാകയേന്തിയത്​. ലോകകപ്പുകൾ, കോൺഫെഡറേഷൻ കപ്പുകൾ, കോപ്പ അമേരിക്ക എന്നിവയിലെല്ലാം അവരെക്കണ്ടു. ബ്രസീലി​ന്‍റെ പ്രതീക്ഷകളും ഫോർമേഷനും കളിതന്ത്രങ്ങളുമെല്ലാം നെയ്​മറുടെ കാലുകളുടെ വലയത്തിൽ ചുറ്റിയായിരുന്നു നീങ്ങിയിരുന്നത്​. ഇക്കുറി പക്ഷേ കഥയതല്ല.

ബ്രസീലിന് നെയ്​മറില്ലാതെ തന്നെ ഉഗ്രൻ ടീമുണ്ടായിരിക്കുന്നു. റയൽ മാഡ്രിഡിനൊപ്പമുള്ള പടയോട്ടത്തിന്​ ശേഷം വന്നിറങ്ങുന്ന വിനീഷ്യസ്​-റോഡ്രിഗോ സഖ്യം. കൂടെ ബാഴ്​സയുടെ സ്വന്തം റഫീഞ്ഞ്യ. അവസരം കിട്ടിയാൽ വരവറിയിക്കുന്ന എൻട്രിക്ക്​ എന്നിവർ ചേരുന്ന അറ്റാക്കിങ്ങിലാണ്​ പ്രതീക്ഷകളെല്ലാം.

മധ്യനിരയിൽ ബ്രൂണോ ഗുയ്മറസ്​, ജാവോ ഗോമസ്​, ലൂക്കാസ്​ പക്വറ്റ എന്നിവർ ഇടം പിടിക്കുമെന്നാണ്​ കരുതപ്പെടുന്നത്​. ഡഗ്ലസ്​ ലൂയിസ്​, എഡേഴ്​സൺ, ആൻഡ്രേസ്​ പെരേര അടക്കമുള്ള ഉപയോഗിക്കാവുന്ന വിഭവങ്ങൾ വേറെയുമുണ്ട്​. ഡാനിലോ, മാർകിന്യോസ്​, മിലിറ്റാവോ, വെൻ​ഡെൽ എന്നിവരടങ്ങുന്ന പ്രതിരോധവും ശക്തം. ഗോൾകീപ്പർറായി അലിസൺ ബെക്കർ. ആർക്കും ഏത്​ സമയും​ വേണ്ട പകരക്കാരെ ഇറക്കിവിടാനുള്ള ബെഞ്ച്​ സ്​ട്രങ്​തും കാനറികൾക്കുണ്ട്​.

വലിയ ഉത്തരവാദിത്തവും അതേ സമയം തന്നെ വലിയ ഗ്ലാമറുമുള്ള ബ്രസീലിയൻ പരിശീലകനാകാനുള്ള യോഗം ഡോറിവൽ സിൽവെസ്​റ്റർ ജൂനിയറിനാണ്​. ബ്രസീലിയൻ ഫുട്​ബോളിനെ അരച്ചുകുടിച്ച മനുഷ്യനാണ​ദ്ദേഹം. സാവോപോളോയെ ബ്രസീലിയൻ ലീഗിൽ ചാമ്പ്യൻമാരാക്കിയതിന്​ പിന്നാലെയാണ്​ ദേശീയ ടീമിനൊപ്പം ചേരുന്നത്​. ​​​​െഫ്ലമംഗോ, ഫ്ലൂമിനൻസ്​, സാന്‍റോസ്​, വാസ്​​കോഡ ഗാമ അടക്കമുള്ള ക്ലബുകൾക്കൊപ്പമെല്ലാം മികച്ച ട്രാക്ക്​ റെക്കോർഡ് അദ്ദേഹത്തിനുണ്ട്​. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുത്തഴിഞ്ഞു കിടക്കുന്ന ബ്രസീൽ ടീമിൽ അച്ചടക്കം കൊണ്ടുവരാൻ ഡോറിവലിനാകുമെന്നും തന്റെ സ്റ്റ്​ട്രാറ്റജികൾ കളിക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പകരം കളിക്കാർക്കനുസരിച്ച് സ്ട്രാറ്റജി ഉണ്ടാക്കാൻ അദ്ദേഹത്തിനാകുമെന്നാണ്​ ബ്രസീലിയൻ മാധ്യമങ്ങളിൽ നിന്നും മനസ്സിലാകുന്നത്​.

കോച്ചായി ചുമതലയേറ്റ ശേഷം ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിൽ നേടിയ വിജയം തന്നെയാണ്​ എടുത്തുപറയാനുള്ള നേട്ടം. മെക്​സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും സ്​പെയിനിനെതിരെ പൊരുതി നേടിയ 3-3 സമനിലയും ഓർക്കാനുണ്ട്​. പക്ഷേ തൊട്ടുമുമ്പു നടന്ന മത്സരത്തിൽ യു.എസ്​.എയോട്​ സമനിലയിൽ കുരുങ്ങി. അതിവേഗ പാസിങ്ങിലൂടെയുള്ള അറ്റാക്കിങ്​ ഫുട്​ബോൾ തന്നെയാണ്​ ഡൊറിവലിന്‍റെ രീതി. പക്ഷേ ​സ്വന്തം പോസ്​റ്റിൽ വന്നെത്തുന്ന ഗോളുകൾ അദ്ദേഹത്തിന്‍റെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്​. കാർലോസ്​ ആഞ്ചലോട്ടി അടക്കമുള്ള വലിയ പേരുകൾ ഉയർന്നുകേട്ടിരുന്ന ബ്രസീൽ കോച്ചിങ്​ പൊസിഷനിലേക്കുള്ള അദ്ദേഹത്തി​െൻറ ഒരു ലിറ്റ്​മസ്​ ടെസ്​റ്റാകും ഈ കോപ്പ അമേരിക്ക.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News