മറക്കാനാവുമോ ഷോൺ മാര്‍ഷിനെ... യുവിയുടെ ആ നക്ഷത്ര സംഘം

പൊന്നും വില കൊടുത്ത് കൊല്‍ക്കത്തയുടെ തലപ്പത്ത് നിന്ന് ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ടിച്ചാണ് ഇക്കുറി പഞ്ചാബ് പടയൊരുക്കം ആരംഭിച്ചത്

Update: 2025-03-20 10:34 GMT
മറക്കാനാവുമോ ഷോൺ മാര്‍ഷിനെ... യുവിയുടെ ആ നക്ഷത്ര സംഘം
AddThis Website Tools
Advertising

ഷോൺ മാർഷ് എന്നൊരു 24 കാരൻ പയ്യനെ ഓർമയുണ്ടോ? ക്രിക്കറ്റ് ആരാധകരുടെ ഓർമകളിലേക്ക് ഇരമ്പിപ്പെയ്ത പടൂകൂറ്റൻ സിക്‌സറുകളുടെ പെരുമഴക്കാലമായിരുന്നു അത്. കുട്ടിക്രിക്കറ്റിന്റെ പരീക്ഷണശാലയിൽ മഹേന്ദ്ര സിങ് ധോണിയുടെ സംഘത്തിന്‍റെ വിജയഭേരി മുഴങ്ങിയിട്ട് കൃത്യം ഒരു വർഷം പിന്നിടുന്നേയുള്ളൂ. ഡർബനിൽ യുവരാജ് സിങ് കശക്കിയെറിഞ്ഞ ഓസീസ് സംഘത്തിലുണ്ടായിരുന്ന ബ്രെറ്റ് ലീ യുവിക്കൊപ്പം ഇപ്പോൾ പഞ്ചാബിന്റെ ചെങ്കുപ്പായമണിഞ്ഞ് മൈതാനത്തുണ്ട്. ഒപ്പം ഓസീസ് മണ്ണിൽ നിന്ന് നാല് പേർ കൂടെ. സൈമൺ കാറ്റിച്ച്, ജെയിംസ് ഹോപ്‌സ്, ഷോൺ മാർഷ്, ലൂക്ക് പൊമർബാഷ്

ആദം ഗിൽക്രിസ്റ്റ് മുതൽ മാത്യു ഹെയ്ഡൻ വരെ അണിനിരന്ന മൈറ്റി ഓസീസ്  വിശ്വവേദിയിൽ പോരിനിറങ്ങിയപ്പോൾ ആ സംഘത്തിൽ ഇടമില്ലാതെ പോയ ഷോൺ മാർഷ് ക്രിക്കറ്റ് ലോകത്ത് അന്നത്രയാർക്കും സുപരിചതനായിരുന്നില്ല. എന്നാൽ ഐ.പി.എല്ലിന്റെ ആദ്യ അരങ്ങ് ഒരവതാരപ്പിറവിക്ക് സാക്ഷ്യം വഹിച്ചു. ബാറ്റർമാരുടെ പൂരപ്പറമ്പിലെ ആദ്യ അധ്യായം അയാൾ തന്റേത് മാത്രമാക്കി മാറ്റുകയായിരുന്നു. 11 മത്സരങ്ങൾ- 616 റൺസ്. അഞ്ച് അർധ സെഞ്ച്വറികൾ,ഒരു സെഞ്ച്വറി. മൊഹാലിയിൽ രാജസ്ഥാൻ റോയൽസിന്റെ നെഞ്ചുപിളർന്ന് പാഞ്ഞ ഏഴ് സിക്‌സുകൾ. 11 ഫോറുകൾ. ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞ് ഷോൺ മാർഷ് ക്യാമറക്ക് മുന്നിൽ തലയുയര്‍ത്തി നിന്നു.

കിരീടത്തിന്റെ തങ്കത്തിളക്കമില്ലായിരുന്നെങ്കിലും ക്രിക്കറ്റ് ആരാധകരുടെ ഓർമകളിൽ ഇപ്പോഴും യുവിയുടെ ആ നക്ഷത്ര സംഘമുണ്ട്. യുവരാജും ജയവർധനേയും സംഗക്കാരയും രാംനരേശ് ശർവനും ഷോണ്‍ മാർഷും സൈമൺ കാറ്റിച്ചുമടക്കമുള്ളവർ അണി നിരന്ന ബാറ്റിങ് നിര. ബ്രെറ്റ് ലീയും ശ്രീശാന്തും കെയിൽ മിൽസും രമേശ് പവാറും ചരടുവലിച്ച ബോളിങ് ഡിപ്പാർട്ട്‌മെന്റ്. ഇർഫാൻ പത്താനും ജെയിംസ് ഹോപ്‌സും റിഷി ധവാനുമടക്കമുള്ള ഓൾ റൗണ്ടർമാർ. പ്രഥമ സീസണിൽ പോയിന്റ് ടേബിളിൽ രണ്ടാമതായി ഫിനിഷ് ചെയ്ത പഞ്ചാബിന്റെ പടയോട്ടം അന്ന് സെമിയിലാണവസാനിച്ചത്.

ഹർഭജൻ സിങ്ങിന്റെ അടി കൊണ്ട് യുവരാജ് സിങ്ങിന്റെ തോളിൽ ചാരി നിറകണ്ണുകളുമായി മൈതാനത്ത് നിൽക്കുന്ന ശ്രീശാന്ത്, സ്റ്റുവർട്ട് ബ്രോഡിനെ ആറു തവണ ആകാശം കാണിച്ച അതേ ഡർബനിൽ ഹാട്രിക്ക് കുറിച്ച യുവരാജ് സിങ്, 2014 ഐ.പി.എൽ ഫൈനലിൽ വൃദ്ധിമാൻ സാഹയുടെ സെഞ്ച്വറി അങ്ങനെയങ്ങനെ ഐ.പി.എല്ലിൽ പഞ്ചാബ് എന്ന ടീം ആരാധക ഹൃദയങ്ങളിൽ ഓർമകളുടെ കടലിരമ്പം തീർക്കുന്നുണ്ട്.

ഒരു ഫൈനൽ, ഒരു സെമിഫൈനൽ.. പിന്നെ പാതിവഴിയിൽ വീണുടഞ്ഞ സ്വപ്‌നങ്ങൾ. പഞ്ചാബിന്റെ നാളിതുവരെയുള്ള ഐ.പി.എൽ സഞ്ചാരങ്ങളെ ഇങ്ങനെ ഒറ്റവരിയിൽ വരഞ്ഞിടാനാവും.. 17 സീസണില്‍ 16 ക്യാപ്റ്റന്മാരേയും പത്ത് പരിശീലകരേയും മാറിമാറിപ്പരീക്ഷിച്ചു. എന്നിട്ടും ഒരു രക്ഷയുമുണ്ടായില്ല.  കിങ്സ് ഇലവന്‍ പഞ്ചാബ് പഞ്ചാബ് കിങ്സ് ആയി മാറിയപ്പോളും പേരിലവശേഷിച്ച 'കിങ്സ്' വെറും  പേരു  മാത്രമായി കിടന്നു. 

അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യൻ പട്ടമണിഞ്ഞ മുംബൈക്ക് തൊട്ട് മുകളിലാണ് കഴിഞ്ഞ സീസണിൽ പഞ്ചാബ് കളി അവസാനിച്ചത്. പത്ത് ടീമുകൾ അണിനിരക്കുന്ന ലീഗിൽ ഒമ്പതാം സ്ഥാനത്ത്. മുംബൈ പത്താം സ്ഥാനത്തും.ജയിച്ചത് ആകെ അഞ്ചു കളികൾ. പക്ഷെ ആ ജയങ്ങളൊക്കെ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിമരുന്നിട്ടു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺചേസ് നടത്തിയ ടീം സീസണിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ആ റൺ ചേസാവട്ടെ സീസണിലെ ചാമ്പ്യന്‍ ടീമിനെതിരെയായിരുന്നു എന്ന് കൂടെയോർക്കണം. കൊൽക്കത്ത ഉയർത്തിയ റൺമലക്ക് താഴെ ജോണി ബെയർസ്‌റ്റോ അന്നന്താളിച്ച് നിന്നില്ല. 48 പന്തിൽ 108 റൺസ്. ഈഡൻ ഗാർഡന്റെ ആരവങ്ങളെ പതിയെ പതിയെ അയാളെ നിശബദ്തയിലേക്ക് എടുത്തെറിഞ്ഞു. മറുവശത്ത് ശശാങ്ക് സിങ്ങുണ്ട്. പ്രീതി സിന്‍റ ആളുമാറി ടീമിലെടുത്തതിന്‍റെ  പേരിൽ പരിഹാസ ശരങ്ങളേറെ നെഞ്ചിലേറ്റ് വാങ്ങേണ്ടി വന്നവൻ. 28 പന്തിൽ അയാള്‍ അന്നടിച്ചെടുത്തത് 68 റൺസാണ്. മൂന്നക്കം തികച്ച ബെയര്‍‌സ്റ്റോ അന്ന് ഈഡൻ ഗാർഡൻ ഗാലറിയിലേക്ക് പായിച്ച അത്ര തന്നെ സിക്‌സറുകൾ അയാളുടെ ബാറ്റില്‍ നിന്നും പിറന്നു. ഒടുക്കം എട്ട് പന്ത് ബാക്കി നില്‍ക്കേ പഞ്ചാബ് കൊല്‍ക്കത്തയുടെ കയ്യില്‍ നിന്ന് വിജയം പിടിച്ചു വാങ്ങി.. ഒപ്പം കുറേ റെക്കോര്‍ഡുകളും. 

20 ലക്ഷം രൂപക്ക് ഗതികേട് കൊണ്ടന്ന് ടീമിലെടുക്കേണ്ടി വന്ന ശശാങ്ക് സിങ്ങിനെ ഇക്കുറി ടീമില്‍ നിലനിര്‍ത്താന്‍ പഞ്ചാബ് മുടക്കിയ തുകയെത്രയാണെന്നറിയുമോ? അഞ്ച് കോടി 50 ലക്ഷം.  ടീം നിലനിര്‍ത്തിയ രണ്ടേ  രണ്ട് പേരില്‍ ഒരാള്‍ . ഇന്‍സല്‍ട്ടുകളേക്കാള്‍ വലിയ ഇന്‍വെസ്റ്റ്മെന്‍റുകളില്ല എന്നാണല്ലോ. ''ഇക്കുറി പഞ്ചാബ് പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തും,  14 ആം മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഞാന്‍ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാന്‍ ആവശ്യപ്പെടും''- ഏറെ ആത്മവിശ്വാസത്തോടെയാണ് ശശാങ്ക് ഇതു പറഞ്ഞുവക്കുന്നത്. 

കിരീടമില്ലാക്കാലങ്ങളുടെ മുറിവു തുന്നിച്ചേര്‍ത്ത ഓര്‍മകളെ മുഴുവന്‍  മായ്ച്ചു കളയണം. ഒഴിഞ്ഞു കിടക്കുന്ന ടീം ഷെല്‍ഫിലേക്ക്  കിരീടമെത്തിക്കണം. പഞ്ചാബ് ഇക്കുറി ലക്ഷ്യമിടുന്നത് അതാണ്.. അത് മാത്രമാണ്. ആ ലക്ഷ്യത്തിലേക്ക് പടനയിക്കാന്‍ പോന്ന പടക്കോപ്പുകള്‍ ഒരുപിടിയുണ്ട് ആവനാഴിയില്‍. 

പൊന്നും വില കൊടുത്ത് കൊല്‍ക്കത്തയുടെ തലപ്പത്ത് നിന്ന് ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ടിച്ചാണ്  ഇക്കുറി പടയൊരുക്കം ആരംഭിച്ചത്. ഒപ്പം പരിശീലക റോളില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയെത്തിച്ചു. പ്രഭ് സിംറാന്‍ സിങ്ങും ജോഷ് ഇംഗ്ലിസും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അണിനിരക്കുന്ന ടോപ് ഓര്‍ഡര്‍, ഗ്ലെന്‍ മാക്സ്വെല്ലും, മാര്‍ക്സ് സ്റ്റോയിനിസും , നെഹാല്‍ വധേരയും ഒമര്‍സായിയും  അടങ്ങുന്ന മധ്യനിര. അവസാന ഓവറുകളില്‍ കത്തിപ്പടരാന്‍ ഫിനിഷര്‍മാരുടെ റോളില്‍ ശശാങ്ക് സിങ്ങും മാര്‍ക്കോ യാന്‍സനും.  വേഗപ്പന്തുകളുമായി അവതരിക്കുന്ന ലോക്കി ഫെര്‍ഗൂസണും അര്‍ഷ്ദീപ് സിങ്ങും യാഷ് താക്കൂറും. സ്പിന്‍ കെണിയൊരുക്കാന്‍ യുസ്വേന്ദ്ര ചഹല്‍. പിന്നെ മുഷീര്‍ ഖാനും, സൂര്യാംശ് ഷെഡ്ഗെയും, വിഷ്ണു വിനോദുമടക്കം ബെഞ്ചില്‍ പ്രതിഭാധനരുടെ ഒരു നീണ്ടനിര.

താരലേലത്തില്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ഇക്കുറി രണ്ടും കല്‍പിച്ചായിരുന്നു പഞ്ചാബ്. ഒരു തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ആ കിരീടം ഇക്കുറി ഷെല്‍ഫിലെത്തിച്ചേ തീരൂ. പഞ്ചാബ് ആരാധകരുടെ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ആ കാത്തിരിപ്പിന് പോണ്ടിങ്ങിന്‍റെ കുട്ടികള്‍ അടിവരയിടുമോ. കാത്തിരുന്ന് കാണണം.. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News