ഗാബയില്‍ സ്മിത്- ഹെഡ് ഷോ; ഓസീസിന് കൂറ്റന്‍ സ്കോര്‍

ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റ്

Update: 2024-12-15 08:20 GMT
Advertising

ബ്രിസ്ബെന്‍: സെഞ്ച്വറികളുമായി കളം നിറഞ്ഞ ട്രാവിസ് ഹെഡ്ഡിന്റേയും സ്റ്റീവൻ സ്മിത്തിന്റേയും മികവിൽ ഗാബയിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ഓസീസ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ  ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 എന്ന നിലയിലാണ് ആതിഥേയര്‍. സ്റ്റീവൻ സ്മിത്ത് 190 പന്തിൽ 101 റൺസടിച്ചെടുത്തപ്പോൾ ഹെഡ് 160 പന്തിൽ 152 റൺസ് അടിച്ചെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി.

മഴയെടുത്ത ആദ്യ ദിനത്തിന് ശേഷം ഗാബയിൽ രണ്ടാം ദിനം പ്രതീക്ഷയുള്ള തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 75 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജയെയയും നതാൻ മക്‌സ്വീനെയെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. 34ാം ഓവറിൽ മാർനസ് ലബൂഷൈനെ പുറത്താക്കി നിതീഷ് റെഡ്ഡിയും വരവറിയിച്ചതോടെ ഓസീസ് പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചു.

എന്നാൽ സമ്മർദമേതുമില്ലാതെ ബാറ്റ് വീശിയ ട്രാവിസ് ഹെഡ്ഡ് സ്മിത്തിനെ കൂട്ടുപിടിച്ച് സ്‌കോറുയർത്തി. 69ാം ഓവറിൽ ഹെഡ്ഡ് സെഞ്ച്വറിയിൽ തൊട്ടു. 115 പന്തിലാണ് താരം മൂന്നക്കം കടന്നത്. എന്നത്തേയും പോലെ ഏകദിന ശൈലിയിലാണ് ഹെഡ്ഡ് ബാറ്റ് വീശിയത്. ഒരറ്റത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ച് സ്മിത്ത് ഹെഡ്ഡിന് മികച്ച പിന്തുണ നൽകി. ഒടുവില്‍ 82 ാം  ഓവറില്‍ സ്മിത്തും സെഞ്ച്വറിയില്‍ തൊട്ടു. തന്‍റെ ടെസ്റ്റ് കരിയറിലെ 33 ാം സെഞ്ച്വറിയാണ് ഹെഡ് കുറിച്ചത്. 

പിന്നീട് സ്മിത്തിനേയും ട്രാവിസ് ഹെഡ്ഡിനേയും മാര്‍ഷിനേയും പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ സിറാജാണ് പുറത്താക്കിയത്. 45 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും ഏഴ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News