'തല'യാട്ടം തുടരുന്നു; ട്രാവിസ് ഹെഡ്ഡിന് സെഞ്ച്വറി, ഗാബയില്‍ നിലയുറപ്പിച്ച് ഓസീസ്
സ്റ്റീവന്‍ സ്മിത്തിന് അര്‍ധ സെഞ്ച്വറി
ബ്രിസ്ബെന്: ഗാബ ടെസ്റ്റിന്റെ രണ്ടാം ദിനം നിലയുറപ്പിച്ച് ഓസീസ്. ട്രാവിസ് ഹെഡ്ഡ് ഒരിക്കൽ കൂടി കളം നിറഞ്ഞ പോരാട്ടത്തിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ് ആതിഥേയര്‍. നാളിതുവരെ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന സ്റ്റീവൻ സ്മിത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ ഹെഡ്ഡിനൊപ്പം ക്രീസിലുണ്ട്.
മഴയെടുത്ത ആദ്യ ദിനത്തിന് ശേഷം ഗാബയിൽ രണ്ടാം ദിനം പ്രതീക്ഷയുള്ള തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 75 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജയെയയും നതാൻ മക്സ്വീനെയെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. 34ാം ഓവറിൽ മാർനസ് ലബൂഷൈനെ പുറത്താക്കി നിതീഷ് റെഡ്ഡിയും വരവറിയിച്ചതോടെ ഓസീസ് പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചു.
എന്നാൽ സമ്മർദമേതുമില്ലാതെ ബാറ്റ് വീശിയ ട്രാവിസ് ഹെഡ്ഡ് സ്മിത്തിനെ കൂട്ടുപിടിച്ച് സ്കോറുയർത്തി. 69ാം ഓവറിൽ ഹെഡ്ഡ് സെഞ്ച്വറിയിൽ തൊട്ടു. 115 പന്തിലാണ് താരം മൂന്നക്കം കടന്നത്. എന്നത്തേയും പോലെ ഏകദിന ശൈലിയിലാണ് ഹെഡ്ഡ് ബാറ്റ് വീശിയത്. ഒരറ്റത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ച് സ്മിത്ത് ഹെഡ്ഡിന് മികച്ച പിന്തുണ നൽകി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 244 ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്. 115 റൺസുമായി ഹെഡ്ഡും 65 റൺസെടുത്ത് സ്മിത്തും ബാറ്റിങ് തുടരുകയാണ്.