'ധോണി ഫിനിഷസ് ഓഫ് ഇൻ ഹിസ് സ്റ്റൈൽ'; 11 ന്റെ ഓർമകൾക്ക് 11 വർഷം

രവി ശാസ്ത്രിയുടെ 'ഇന്ത്യ ലിഫ്റ്റ്‌സ് വേൾഡ് കപ്പ് 28 ഇയേർസ്' എന്ന ശബ്ദവും ധോണിയുടെ സിക്‌സും ഗംഭീറിനെ കറ പറ്റിയ ജേഴ്‌സിയും സംഗക്കാരയുടെ ചിരിയും ഇന്നും ഓരോ ക്രിക്കറ്റ് ആരാധകനും ഹൃദയത്തിൽ നിധിപോലെ സൂക്ഷിക്കുന്ന രംഗങ്ങളാണ്.

Update: 2022-04-02 10:43 GMT
Editor : Nidhin | By : Web Desk
Advertising

ഓർമയില്ലേ 11 വർഷം ഇതേദിവസം മുംബൈയിലെ വാങ്കഡെയിൽ നിന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിൽ നിന്ന് ഉയർന്നു പൊങ്ങിയ സിക്‌സറിനൊപ്പം നമ്മളെല്ലാവരും ആർത്തുവിളിച്ചത്.

ധോണി ഫിനിഷസ് ഓഫ് ഇൻ ഹിസ് സ്റ്റൈലെന്ന് രവി ശാസ്ത്രി വിളിച്ചുപറഞ്ഞപ്പോൾ ഇന്ത്യയൊന്നാകെ ആഘോഷതിമിർപ്പിലായത്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയിട്ട് ഇന്ന് 11 വർഷം പൂർത്തിയാകുകയാണ്.

2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിന് ചുക്കാൻ പിടിച്ചത് നായകൻ മഹേന്ദ്ര സിങ് ധോണിയായിരുന്നു. 275 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ തന്നെ വിരേന്ദർ സെവാഗിനെ നഷ്ടമായി. ആറാം ഓവറിൽ സാക്ഷാൽ സച്ചിനെയും നഷ്ടമായതോടെ ഇന്ത്യ അപകടം മണത്തിരുന്നു. പക്ഷേ പിന്നാലെ ക്രീസിലെത്തിയ ഗൗതം ഗംഭീർ നിലയുറപ്പിച്ച് കളിച്ചതോടെ വിജയം കൂടുതൽ അടുത്തെത്തി. ഇടക്ക് വിരാട് കോഹ്ലി 35 റൺസുമായി മടങ്ങിയതോടെ നായകന്റെ വരവായിരുന്നു. പിന്നെ വാങ്കഡെയിൽ ധോണിയും ഗംഭീറും ചേർന്ന് 120 കോടി ഇന്ത്യക്കാരുടെ സ്വപ്‌ന ദൂരത്തിലേക്ക് വേഗത്തിലോടി. ഇടക്ക് വച്ച് അർഹിച്ച സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ഗംഭീർ വീണെങ്കിലും യുവരാജിനെയും കൂട്ടുപിടിച്ച് ധോണി അശ്വമേധം തുടർന്നു. ഒടുവിൽ 48-ാം ഓവറിലെ രണ്ടാം പന്തിൽ മറുവശത്ത് യുവരാജിനെയും പിറകിൽ ലങ്കൻ നായകൻ കുമാർ സംഗക്കാരേയും സാക്ഷി നിർത്തി നുവാൻ കുലശേഖരയുടെ പന്ത് ധോണി സിക്‌സറിന് പായിച്ചപ്പോൾ 1983 ന് ശേഷം ഒരിക്കൽ കൂടി ഇന്ത്യ ലോകക്രിക്കറ്റിന് നെറുകയിലെത്തി. 91 റൺസുമായി പുറത്താകാതെ നിന്ന് ധോണി മത്സരത്തിലെ താരവും യുവരാജ് ടൂർണമെന്റിന്റെ താരവുമായി.

രവി ശാസ്ത്രിയുടെ 'ഇന്ത്യ ലിഫ്റ്റ്‌സ് വേൾഡ് കപ്പ് 28 ഇയേർസ്' എന്ന ശബ്ദവും ധോണിയുടെ സിക്‌സും ഗംഭീറിനെ കറ പറ്റിയ ജേഴ്‌സിയും സംഗക്കാരയുടെ ചിരിയും ഇന്നും ഓരോ ക്രിക്കറ്റ് ആരാധകനും ഹൃദയത്തിൽ നിധിപോലെ സൂക്ഷിക്കുന്ന രംഗങ്ങളാണ്.

Summary: 11th Anniversary Of India's World cup Win

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News