ഓസീസ് 197 റൺസിന് പുറത്ത്; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം
41 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നഷ്ടമായത് ആറു വിക്കറ്റ്
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ആസ്‌ട്രേലിയ 197 റൺസിന് പുറത്ത്. രണ്ടാം ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് 41 റൺസെടുക്കുന്നതിനിടെയാണ് ബാക്കി ആറു വിക്കറ്റുകൾ നഷ്ടമായത്. 88 റൺസിന്റെ ലീഡാണ് ഓസീസ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. പത്തു റൺസുമായി ചേതേശ്വർ പുജാരയും 11 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. അഞ്ചു റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് നഷ്ടമായത്.
ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് 19 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ 21 റൺസെടുത്ത കാമറൂൺ ഗ്രീനിനെ ഉമേഷ് യാദവ് വിക്കറ്റിന് മുമ്പിൽ കുടുക്കി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. അലക്‌സ് കാരി (മൂന്ന്), മിച്ചൽ സ്റ്റാർക്ക് (ഒന്ന്), നഥാൻ ലിയോൺ (അഞ്ച്), ടോഡ് മർഫി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാർ.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റു വീഴ്ത്തി. ഉമേഷ് യാദവിനും ആർ അശ്വിനും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്തായിരുന്നു.
Summary: India vs Australia Test