1024 ദിവസത്തെ കാത്തിരിപ്പ്, സെഞ്ച്വറി നമ്പർ 75; കോഹ്‌ലി ദ ഗോട്ട്
അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ കളിക്കാർ
ഒരു ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്‌ലിയുടെ മൂന്നു വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. കൃത്യം 1204 ദിവസങ്ങൾക്ക് ശേഷം വെള്ളക്കുപ്പായത്തിൽ മുൻ നായകന് ഇതാ വീണ്ടും സെഞ്ച്വറി. അതും ആസ്‌ട്രേലിയ്‌ക്കെതിരെ. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ പിറന്നത് കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ച്വറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75-ാമത്തെയും.
അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ താരങ്ങള്‍. 45 സെഞ്ച്വറി വീതം നേടിയ ജോ റൂട്ടും ഡേവിഡ് വാർണറുമാണ് മുൻ ഇന്ത്യൻ നായകന് പിറകിലുള്ളത്. 43 റൺസുമായി രോഹിത് ശർമ്മയും 42 സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. നോൺ സ്‌ട്രൈക്ക് എൻഡിൽ അതിന് സാക്ഷിയായത് അക്‌സർ പട്ടേൽ. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വരെ ആ നേട്ടത്തിന് കൈയടിച്ചു. ആഹ്ലാദം ശരീരത്തിലേക്ക് ആവാഹിച്ച് നടത്തുന്ന പതിവ് ചൂടൻ ആഘോഷമായിരുന്നില്ല ഇത്തവണ കോഹ്‌ലിയുടേത്. പതിയെ നോൺ സട്രൈക്കിങ് എൻഡിലെത്തി കാണികളെ നോക്കി ബാറ്റും ഹെൽമറ്റുമുയർത്തിക്കാണിച്ചു. അവ താഴെ വച്ച് കഴുത്തിൽ കിടന്ന മംഗല്യമാലയെടുത്ത് ചുംബിച്ചു. അതിനു പിന്നാലെ അക്‌സറിന്റെ അനുമോദാശ്ലേഷണം.
Summary: 75th International century for Virat Kohli