ഗ്രൗണ്ടിലെത്തി മുത്തം കൊടുത്ത് അമ്മ: ഭരതിനും കുടുംബത്തിനും അഭിമാന നിമിഷം
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭരതിന് ഇന്ത്യൻ ടീമിലിടം ലഭിക്കുന്നത്.
നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറി വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭരതിന് ഇന്ത്യൻ ടീമിലിടം ലഭിക്കുന്നത്. ഗ്രൗണ്ടിലെത്തി മുത്തം നൽകിയാണ് അമ്മ സന്തോഷം പങ്കുവെച്ചത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പ്രമുഖരാണ് ചിത്രം പങ്കുവെക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റതോടെയാണ് ഭരതിന് അവസരം ലഭിച്ചത്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ പരിശീലന മത്സരത്തിൽ ഇന്ത്യയുടെ ഭാഗമായിരുന്നു ഭരത്. അതിനും ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഭരതിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തുന്നത്. ആന്ധ്രാപ്രദേശുകാരനായ ഭരത് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ സ്ഥിരതയോടുള്ള ശ്രദ്ധേയ പ്രകടനങ്ങളൊന്നും ഭരതിൽ നിന്നുണ്ടായിരുന്നില്ല. നിലവിൽ ഐപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസിന്റെ ഭാഗമാണ് 29കാരനായ ഭരത്.
ഭരതിന് പുറമെ സൂര്യകുമാർ യാദവും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറി. ടി20- ഏകദിന ഫോർമാറ്റിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് സൂര്യകുമാർ യാദവിന് ടെസ്റ്റ് ജേഴ്‌സി നേടിക്കൊടുത്തത്. ആ ഫോം ടെസ്റ്റ് ക്രിക്കറ്റിലും കൊണ്ടുവരുമെന്ന് വിലയിരുത്തിയാണ് സൂര്യകുമാർ യാദവിൽ ടീം വിശ്വാസം അർപ്പിച്ചത്. ചേതേശ്വര്‍ പുജാരയാണ് ഭരതിന് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവിന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയും ക്യാപ്പ് സമ്മാനിച്ചു.
അതേസമയം മത്സരത്തില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ രണ്ട് ആസ്‌ട്രേലിയൻ ഓപ്പണർമാരെയും ഇന്ത്യ പറഞ്ഞയച്ചു. സ്പിൻ പിച്ചിൽ പേസർമാരാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ എന്നിവരാണ് പുറത്തായത്. ഒരു റൺസ് വീതമെ ഇരുവർക്കും നേടാനായുളളൂ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. മാർനസ് ലബുഷെയിൻ, സ്റ്റീവൻ സ്മിത്ത് എന്നിവരാണ് ക്രീസിൽ.