ഓഫ് ഡേയിലും തീവ്ര പരിശീലനവുമായി മരിയ; നെതർലാൻഡ്‌സിനെതിരെ തിരിച്ചെത്തും
പോളണ്ടിനെതിരായ മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേൽക്കുന്നത്
ദോഹ: ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെ നേരിടാനൊരുങ്ങുന്ന അർജന്റീന ആരാധകർക്ക് സന്തോഷ വാർത്ത. പരിക്കേറ്റ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തും. താരം തീവ്ര പരിശീലനത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രീക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിന് പിന്നാലെ അർജന്റീനൻ കളിക്കാർക്ക് ഒരു ദിവസം വിശ്രമം അനുവദിച്ചിരുന്നു.
എന്നാൽ വിശ്രമദിനത്തിൽ ഡി മരിയ പരിശീലനത്തിലായിരുന്നുവെന്നാണ് അർജന്റീനിയൻ ചാനലായ ടി.വൈ.സി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരായ മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേൽക്കുന്നത്. താരത്തെ പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ ആസ്‌ട്രേലിയക്കെതിരായ മത്സരം നഷ്ടമായി. അതേസമയം ഡി മരിയയുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ല. ഇന്ത്യന്‍ സമയം ശനി പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലെ ക്വാര്‍ട്ടര്‍ പോര്.
പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയെ 3 - 1നു കീഴടക്കിയാണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ഇരു ടീമുകളും ഇതാദ്യമല്ല ലോകകപ്പ് വേദികളിൽ പരസ്പരം മത്സരിക്കുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളില്‍ ഇരുവരും ജയിച്ചു. ഒരിക്കൽ കൂടി നേർക്കുനേർ വരുമ്പോൾ ഫുട്‌ബോൾ പ്രേമികൾക്ക് സമ്മാനിക്കുക ഉഗ്രൻ വിരുന്നാകും. അതിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം.
അതേസമയം അർജന്റീനയെന്നാൽ മെസി മാത്രമല്ലെന്ന് നെതർലൻഡ്സ് നായകൻ വിർജിൽ വാൻ ഡിക് വ്യക്തമാക്കി. മെസി എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ്. എന്നാൽ മത്സരം മെസിയും താനും തമ്മിലല്ല. അർജന്റീന ടീം മികച്ച രീതിയിലാണ് കളിക്കുന്നതെെന്നും വാൻ ഡിക് പറഞ്ഞു. പരിശീലകൻ വാൻ ഗാളിന്റെ കീഴിൽ എല്ലാ ടീമുകൾക്കെതിരെയും നെതർലൻഡ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നു വാൻഡിക് കൂട്ടിച്ചേര്‍ത്തു. അതേസമയം അര്‍ജന്റീനയെ നേരിടാൻ ടീം സജ്ജമാണെന്ന് മധ്യനിരതാരം ഫ്രാങ്കി ഡിയോങും പ്രതികരിച്ചു.