'ഗംഭീറുമായുള്ള തർക്കം കരിയറിനെ ബാധിച്ചു': വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി
2012ലും 2014ലുമാണ് കൊല്‍ക്കത്ത ഐ.പി.എല്‍ കിരീടം ചൂടിയത്
കൊല്‍ക്കത്ത: 2013ന് ശേഷം ഐ.പി.എൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിടാനുള്ള കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യ ബാറ്റര്‍ മനോജ് തിവാരി. അന്നത്തെ ക്യാപ്റ്റൻ ഗൗതം ഗംഭീറുമായുള്ള തർക്കത്തെ തുടർന്നാണ് തനിക്ക് കെ.കെ.ആര്‍ വിടേണ്ടി വന്നതെന്ന് പറയുകയാണ് തിവാരി.
2012ലും 2014ലുമാണ് കൊല്‍ക്കത്ത ഐ.പി.എല്‍ കിരീടം ചൂടിയത്. 2012ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ബൗണ്ടറിയിലൂടെ വിജയ റൺസ് അടിച്ച് കെകെആറിൻ്റെ കിരീട നേട്ടത്തില്‍ മനോജ് തിവാരി നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നിരുന്നാലും, മനോജ് തിവാരി 2014ൽ ഡൽഹി ഡെയർഡെവിൾസിലേക്ക് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) മാറി. ആ സമയത്ത് മനോജ് തിവാരിയും ഗൗതം ഗംഭീറും തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ സംഭവം ഉള്ളതു തന്നെയെന്ന് വെളിപ്പടുത്തുകയാണ് തിവാരി.
“കെകെആറിൽ ഉള്ള കാലത്ത് ഗംഭീറുമായി വലിയ വഴക്കായിരുന്നു. ഡ്രസ്സിംഗ് റൂമിൽ ഞങ്ങൾ വലിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പക്ഷേ അത് ഒരിക്കലും വെളിച്ചത്തു വന്നില്ല. 2012ൽ കെകെആർ ചാമ്പ്യന്മാരായി, പ്രതിസന്ധി ഘട്ടത്തിൽ വിജയ റൺസ് അടിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു. അതോടെ ഒരു വർഷം കൂടി ടീമിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു''- തിവാരി പറഞ്ഞു.
''2013ൽ ഗംഭീറുമായി വഴക്കിട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഫ്രാഞ്ചൈസിക്ക് വേണ്ടി രണ്ട് മൂന്ന് സീസണുകളില്‍ കൂടി കളിക്കാമായിരുന്നു. അതായത് കരാർ പ്രകാരം എനിക്ക് ലഭിക്കേണ്ടിയിരുന്ന തുക ഉയരുകയും എൻ്റെ ബാങ്ക് ബാലൻസ് പലമടങ്ങ് വർദ്ധിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല''- താരം വ്യക്തമാക്കി.
അടുത്തിടെയാണ് മനോജ് തിവാരി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി അധികം കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും രഞ്ജിട്രോഫിയിൽ ബംഗാളിനായി മികവ് തെളിയിച്ചാണ് താരം പാഡ് അഴിക്കുന്നത്.