അക്‌സറും അശ്വിനും ഇന്ത്യയെ രക്ഷപ്പെടുത്തി, എങ്കിലും ലീഡ് ആസ്‌ട്രേലിയക്ക്
അഞ്ച് വിക്കറ്റുമായി നഥാൻ ലയോൺ തിളങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 262ന് അവസാനിക്കുകയായിരുന്നു
ഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒരു റൺസിന്റെ ലീഡുമായി ആസ്‌ട്രേലിയ. അഞ്ച് വിക്കറ്റുമായി നഥാൻ ലയോൺ തിളങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 262ന് അവസാനിക്കുകയായിരുന്നു. മാത്യു കുനേമൻ. ടോഡ് മർഫി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസിനായിരുന്നു ശേഷിക്കുന്ന വിക്കറ്റ്. രണ്ടാം ദിനത്തിൽ ഇന്ത്യക്ക് പിഴച്ചു. മുന്നേറ്റ നിരയെ നഥാൻ ലയോൺ 'എടുത്തിട്ടു'.
66ന് നാല്, 125ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യ 150 കടക്കുമോ എന്ന് ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ രവചിന്ദ്ര അശ്വിനും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ആസ്‌ട്രേലിയയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. 37 റൺസെടുത്ത രവിചന്ദ്ര അശ്വിന്‍ വീണതിന് പിന്നാലെ അക്‌സർ പട്ടേലിനെ മർഫിയും പറഞ്ഞയച്ചു. ക്യാച്ച് എടുത്തത് പാറ്റ് കമ്മിൻസും. അതോട ഇന്ത്യ വീണു. ഷമിക്ക് അത്ഭുതങ്ങളൊന്നും കാണിക്കാൻ കഴിയാത്തതോടെ ഇന്ത്യൻ ഇന്നിങ്‌സ് 262ന് അവസാനിച്ചു.
74 റൺസ് നേടിയ അക്‌സർ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 115 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അക്‌സറിന്റെ മാസ്മരിക ഇന്നിങ്‌സ്. 71 പന്തുകളിൽ നിന്നായിരുന്നു അശ്വിന്റെ ഇന്നിങ്‌സ്. ഇരുവരും ചേർന്ന് നേടുന്ന ഒരോ റൺസും ആസ്‌ട്രേലിയൻ ഫീൽഡർമാരെ അലോസരപ്പെടുത്തി. മുൻ നിരയിൽ 44 റൺസെടുത്ത വിരാട് കോഹ്ലിയാണ് ലയോൺ സംഹാരതാണ്ഡവമാടിയപ്പോൾ പിടിച്ചുനിന്നത്. നായകൻ രോഹിത് ശർമ്മ(32) ലോകേഷ് രാഹുൽ(17) ചേതേശ്വർ പുജാര(0) ശ്രേയസ് അയ്യർ(4) ശ്രീകർ ഭരത്(6) എന്നിവരാണ് ലയോണിന് മുന്നിൽ വീണത്.
ഇതിൽ ശ്രേയസ് അയ്യരെ മനോഹരമായി പീറ്റർഹാൻഡ്‌സ്‌കോമ്പ് പിടികൂടുകയായിരുന്നു. 263 റൺസിനാണ് ആസ്‌ട്രേലിയയുടെ ഒന്നാംഇന്നിങ്‌സ് അവസാനിച്ചത്. 81 റൺസ് നേടിയ ഉസ്മാൻ ഖവാജയാമണ് ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ഷമി നാല് വിക്കറ്റും രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. സ്പിന്നര്‍മാരുടെ ബലത്തില്‍ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളാണ് ആസ്ട്രേലിയക്കെതിരായ പരമ്പരയിലുള്ളത്.