'രാജ്യത്തിന് വേണ്ടി കളിക്കാനുണ്ട്': ഐ.പി.എൽ വേണ്ടെന്ന് വെച്ച് പാറ്റ് കമ്മിൻസ്‌

തിരക്കേറിയ രാജ്യാന്തര ഷെഡ്യൂൾ ചൂണ്ടികാട്ടിയാണ് കമ്മിൻസിന്റെ പിന്മാറ്റം

Update: 2022-11-15 14:52 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ഐ.പി.എൽ പതിനാറാം സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടി. ഓസീസ് ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിന്റെ അടുത്ത സീസണിൽ നിന്നും പിന്മാറി. തിരക്കേറിയ രാജ്യാന്തര ഷെഡ്യൂൾ ചൂണ്ടികാട്ടിയാണ് കമ്മിൻസിന്റെ പിന്മാറ്റം.

അതേസമയം, തന്റെ തീരുമാനം മനസ്സിലാക്കിയതിന് ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് താരം നന്ദി പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായ സാം ബില്ലിങ്സും കൊൽക്കത്തയിൽ നിന്നും പിന്മാറിയിരുന്നു. 2020ലെ ഐപിഎൽ ലേലത്തിൽ 15.5 കോടി മുടക്കിയാണ് കമ്മിൻസിനെ കൊൽക്കത്ത ടീമിലെടുത്തത്. 

സീനിയർ താരം മിച്ചൽ സ്റ്റാർക്കും അടുത്ത സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. സ്റ്റാർക്ക് ഐപിഎല്ലിൽ മാത്രമല്ല ബിഗ് ബാഷിലും കളിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോടികൾ വിലയുള്ള താരമാണ് സ്റ്റാർക്ക്. ഇരുവരും അടുത്ത വർഷം നടക്കുന്ന ആഷസ് ടെസ്റ്റിന് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടിയാണ് ഐ.പി.എല്ലിൽ നിന്നും പിന്മാറിയിരിക്കുന്നത്. 

അതേസമയം അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണെ സൺറൈസൈഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് സീസണുകളിലായി വില്യംസൺ ഹൈദരാബാദിന്റെ ഭാഗമാണ്.

ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ സെമിയിലെത്തിച്ചെങ്കിലും വില്യംസൺ മികച്ച ഫോമിൽ ആയിരുന്നില്ല. ടി20 ശൈലിയിലുള്ള ബാറ്റിങ് അല്ല വില്യംസണിൽ നിന്ന് വരുന്നത്. ഇതും വിമർശനത്തിന് വിധേയമായിരുന്നു. ഡ്വെയിൻ ബ്രാവോ(ചെന്നൈ സൂപ്പർകിങ്‌സ്) മായങ്ക് അഗർവാൾ( പഞ്ചാബ് കിങ്‌സ്) അജിങ്ക്യ രഹാനെ(കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവരെയും ടീമുകൾ റിലീസ് ചെയ്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News