ഒരോവറിൽ ആറു സിക്‌സ്; ഡൽഹി പ്രീമിയർലീഗിൽ പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട്

ഒരു ടി20യിൽ കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോർഡ് മത്സരത്തിൽ ആയുഷ് ബദോനി സ്വന്തമാക്കി. 19 സിക്‌സറാണ് താരം പറത്തിയത്.

Update: 2024-09-01 07:42 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗ് ടി20യിൽ ഒരോവറിൽ ആറ് സിക്സുമായി സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് താരം പ്രിയാൻഷ് ആര്യ. നോർത്ത് ഡൽഹി സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തിലാണ് യുവതാരം അടിച്ചുതകർത്തത്. മനൻ ഭരദ്വാജിനെതിരെയാണ് വെടിക്കെട്ട് പ്രകടനം. മത്സരത്തിൽ ആര്യ സെഞ്ച്വറിയും നേടി. 50 പന്തിൽ 120 റൺസാണ് നേടിയത്. സഹതാരവും ക്യാപ്റ്റനുമായ ആയുഷ് ബദോനി 55 പന്തിൽ 165 റൺസും സ്വന്തമാക്കി.  ഒരു ടി20യിൽ കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോർഡും മത്സരത്തിൽ  ബദോനി സ്വന്തമാക്കി. 19 സിക്‌സറാണ് ഐപിഎൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം നേടിയത്. വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിൽ, എസ്‌റ്റോനിയ താരം സഹിൽ ചൗഹാൻ എന്നിവർ സ്ഥാപിച്ച 18 സിക്‌സിന്റെ റെക്കോർഡാണ് ബദോനി മറികടന്നത്.

 ഇരുവരുടേയും കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസിന്റെ വലിയ ടോട്ടലാണ് സൗത്ത് ഡൽഹി കുറിച്ചത്.  മറുപടി ബാറ്റിംഗിൽ നോർത്ത് ഡൽഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനാണ് സാധിച്ചത്. 12ാം ഓവറിലായിരുന്നു ആര്യയുടെ യുവി മോഡൽ വെടിക്കെട്ട്. സ്‌ട്രൈറ്റാണ് എല്ലാ സിക്‌സറും നേടിയത്. ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ് ആര്യ സ്വന്തമാക്കിയത്. ബദോനി - ആര്യ സഖ്യ 286 റൺസാണ് കൂട്ടിചേർത്തത്.  ടി20 ചരിത്രത്തിലെ ഉയർന്ന ബാറ്റിങ് പാർട്ട്ണർഷിപ്പാണിത്.

ആര്യയുടെ ഇന്നിംഗ്സിൽ പത്ത് വീതം സിക്സുകളും ഫോറുകളും ഉണ്ടായിരുന്നു.  സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആര്യ. ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 222 റൺസാണ് ഇതുവരെ ആര്യ നേടിയത്. 31.71 ശരാശരിയിലും 166.91 സ്ട്രൈക്ക് റേറ്റിലുമായിരുന്നു നേട്ടം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News