ഇന്ത്യൻ വംശജരോട് വിവേചനം; യു.എസ് ക്രിക്കറ്റ് ടീം കോച്ച് സ്റ്റുവർട്ട് ലോയെ പുറത്താക്കി
ക്യാപ്റ്റൻ മൊണാങ്ക് പട്ടേലടക്കമുള്ളവർ ലോക്കെതിരെ പരാതി നൽകിയ സംഭവം വലിയ വാർത്തയായിരുന്നു
കഴിഞ്ഞ ടി20 ലോകകപ്പിൽ അതിശയ പ്രകടനങ്ങൾ നടത്തിയ യു.എസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്റ്റുവർട്ട് ലോയെ പുറത്താക്കി. ടീമിലെ ഇന്ത്യൻ വംശജരായ കളിക്കാരോട് വിവേചനം കാണിക്കുന്നു എന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ക്രിക്കറ്റ് യു.എസ്.എയുടെ നടപടി. നിരവധി ഇന്ത്യൻ വംശജർ അടങ്ങിയ ടീമിൽ ക്യാപ്റ്റൻ മൊണാങ്ക് പട്ടേലടക്കമുള്ളവർ ലോക്കെതിരെ പരാതി നൽകിയ സംഭവം വലിയ വാർത്തയായിരുന്നു.
എട്ട് താരങ്ങളാണ് മുൻ ഓസീസ് താരം കൂടിയായ ലോക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച ബോർഡ് താരങ്ങളുടെ ആരോപണങ്ങൾ ശരിവക്കുകയായിരുന്നു. അമേരിക്കൻ ടീമിന്റെ നെതർലാന്‍റ്സ് പര്യടനത്തിനിടെയാണ് പരാതിക്കിടയാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
ഇന്ത്യൻ വംശജരോട് ലോ ഏറെ മോശമായാണ് പെരുമാറുള്ളതെന്നും ഇത് ടീമിന്റെ മൊത്തം ആത്മവിശ്വാസത്തെ ബാധിച്ചെന്നും കളിക്കാർ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റുവർട്ട് ലോ അമേരിക്കൻ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പിൽ പാകിസ്താനെയടക്കം തകർത്ത് സൂപ്പർ 8 ലേക്ക് അമേരിക്ക മാർച്ച് ചെയ്തിരുന്നു. നേരത്തേ ശ്രീലങ്ക, വിൻഡീസ്, ബംഗ്ലാദേശ് ടീമുകളുടെ പരീശീലക സംഘത്തിലും ലോ ഉണ്ടായിരുന്നു.