46ന് ഔൾഔട്ട്, തുടരെ ചരിത്ര തോൽവികൾ; ഗംഭീർ യുഗത്തിൽ കാലിടറുന്ന ഇന്ത്യ
മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്.
പൂനെ: രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനമേറ്റെടുത്തതു മുതൽ ഇന്ത്യ വഴങ്ങിയത് ഒരുപിടി മോശം റെക്കോർഡുകൾ. ഈ വർഷം ജൂലൈ ഒൻപതിനാണ് ബി.സി.സി.സി ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. ശ്രീലങ്കക്കെതിരായ പരമ്പരയായിരുന്നു ആദ്യ പരീക്ഷണ വേദി. സൂര്യകുമാർ യാദവിന് കീഴിൽ ഇറങ്ങിയ ഇന്ത്യ 3-0 മാർജിനിൽ ടി20 പരമ്പര നേടുകയും ചെയ്തു. എന്നാൽ ഏകദിന പരമ്പരയിൽ കാലിടറി. രോഹിത് ശർമക്ക് കീഴിൽ വിരാട് കോഹ്ലിയടക്കം സീനിയർ താരങ്ങളെല്ലാം കളിച്ചിട്ടും ലങ്കയോട് തോൽവി. 27 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് പരമ്പര വിജയം.
ന്യൂസിലാൻഡിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ നാണംകെട്ടു. 36 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ കിവീസിന്റെ ടെസ്റ്റ് വിജയം. ഇതേ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ 46 റൺസിന് ഓൾഔട്ടായതോടെ സ്വന്തംമണ്ണിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ എന്ന നാണക്കേടും വഴങ്ങി. നിർണായകമായ പൂനെ ടെസ്റ്റിലും വീണതോടെ ചരിത്രത്തിലാദ്യമായി ന്യൂസീലാണ്ടുമായി ഒരു ഹോം ടെസ്റ്റ് സീരീസ് പരാജയപ്പെട്ടു. 12 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ പരമ്പര തോൽവി. 45 വർഷങ്ങൾക്ക് ശേഷം ഏകദിന ഫോർമാറ്റിൽ ഒരു വിജയം നേടാനാകാത്ത വർഷവുമായി 2024.
ന്യൂസിലാൻഡിനെതിരായ തുടർ തോൽവികൾ ഇന്ത്യയുടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷക്കും മങ്ങലേൽപ്പിച്ചു. നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും അടുത്തമാസം ആസ്‌ത്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ഗംഭീറിനും രോഹിത് ശർമക്കും നിർണായകമാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയാൽ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താം. തോൽവി നേരിട്ടാൽ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചാകും കലാശപോരാട്ടത്തിലേക്കുള്ള വഴിതെളിയുക