ബാബറിന് പകരക്കാരൻ റിസ്‌വാൻ; ഏകദിന,ടി20 ക്യാപ്റ്റനെ നിയമിച്ച് പാകിസ്താൻ
അടുത്തവർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് റിസ്‌വാന് മുന്നിലുള്ള പ്രധാന വെല്ലുവിളി
റാവൽപിണ്ടി: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ നിയമിച്ചു. യുവതാരം സൽമാൻ അലി ആഗയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെ ബാബർ അസം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം നടത്തിയത്. ആസ്‌ത്രേലിയക്കെതിരായ ഏകദിന,ടി20 മത്സര പരമ്പരയാണ് പുതിയ ക്യാപ്റ്റന്റെ ആദ്യ പരീക്ഷണം. അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരമാണ് പ്രധാനപ്പെട്ട ടൂർണമെന്റ്.
പാകിസ്താൻ സൂപ്പർലീഗിൽ മുൾട്ടാൻ സുൽത്താന്റെ ക്യാപ്റ്റനായിരുന്ന റിസ്‌വാന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. ഫ്രാഞ്ചൈസിയെ കിരീടത്തിലെത്തിച്ച 32 കാരൻ മൂന്ന് ഫോർമാറ്റിലേയും പാകിസ്താന്റെ പ്രധാന താരമാണ്. ടെസ്റ്റ് ടീം നായക സ്ഥാനത്ത് ഷാൻ മസൂദ് തുടരുമെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം മസൂദിന് കീഴിൽ ഇറങ്ങിയ പാകിസ്താൻ 2021ന് ശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.