സ്പിൻ കുഴിയിൽ വീണ് ഇന്ത്യ; ന്യൂസിലാൻഡിന് 113 റൺസ് ജയം, പരമ്പര
ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 113 റൺസ് തോൽവി. 359 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ പോരാട്ടം 245 റൺസിൽ അവസാനിച്ചു. 12 വർഷത്തിന് ശേഷമാണ് സ്വന്തം മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ഇന്ത്യയിൽ കിവീസിന്റെ ആദ്യ പരമ്പര വിജയവുമായിത്. സ്‌കോർ: ന്യൂസിലാൻഡ്: 259,255, ഇന്ത്യ: 156,245
നേരത്തെ ന്യൂസിലാൻഡിനെ 255 റൺസിന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാൽ രോഹിത് ശർമയുടെ വിക്കറ്റ് ആദ്യം നഷ്ടമായി. എട്ട് റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ മിച്ചൽ സാന്റ്നർ വിൽയങിന്റെ കൈകളിലെത്തിച്ചു. എന്നാൽ ഒരുവശത്ത് നിലയുറപ്പിച്ച യശസ്വി ജയ്സ്വാൾ ബാസ്‌ബോൾ ശൈലിയിൽ ബാറ്റുവീശി സ്‌കോറിംഗ് ഉയർത്തി. ശുഭ്മാൻ ഗില്ലുമായി ചേർന്ന് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യയെ 12 ഓവറിൽ 81 റൺസിലെത്തിത്തി.
എന്നാൽ രണ്ടാം സെഷനിൽ ഗില്ലിനെ മടക്കി(23) സാന്റ്നർ കിവീസിന് ബ്രോക്ക് ത്രൂ നൽകി. തൊട്ടുപിന്നാലെ ഋഷഭ് പന്ത്(0) റണ്ണൗട്ടായതോടെ ഇന്ത്യ 127-4 എന്ന നിലയിലായി. കരുതലോടെ ബാറ്റിങ് തുടങ്ങിയ വിരാട് കോഹ്ലി വീണ്ടും സാന്റ്നറിന്റെ സ്പിൻ കെണിയിൽ വീണു. ആദ്യ ഇന്നിങ്സിൽ ബൗൾഡായ കോഹ്ലി ഇത്തവണ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. വാഷിങ്ടൺ സുന്ദർ(21), സർഫറാസ് ഖാൻ(9) എന്നിവരും നിലയുറപ്പിക്കുംമുൻപെ വീണതോടെ ഇന്ത്യ തോൽവിയെ അഭിമുഖീകരിച്ചു. അവസാന സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ ജഡേജ-അശ്വിൻ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 18 റൺസിൽ നിൽക്കെ അശ്വിനെ സ്ലിപ്പിൽ ഡാരൻ മിച്ചലിന്റെ കൈകളിലെത്തിച്ച് സാന്റ്‌നർ ആ കൂട്ടുകെട്ടും പൊളിച്ചു. ഒടുവിൽ വലിയ ഷോട്ടിന് ശ്രമിച്ച് രവീന്ദ്ര ജഡേജയും(42) ഔട്ടായതോടെ സ്വന്തംനാട്ടിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങി.
ആദ്യ ഇന്നിംഗ്സിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ചു കളിക്കാനാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ശ്രമിക്കുന്നത്. പേസ് ബൗളർമാർക്കെതിരെ ആക്രമിച്ചുകളിച്ച ഇന്ത്യൻ ബാറ്റിങ് നിര സ്പിന്നർമാർക്ക് മുന്നിൽ ഒരിക്കൽകൂടി കറങ്ങി വീഴുന്ന കാഴ്ചയാണ് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. 198-5 എന്ന സ്‌കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലൻഡ് 255 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 48 റൺസുമായി ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ നിന്നു.മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കിവീസിനെ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ പുറത്താക്കിയത്.