ബാറ്റിങിലും ഫീൽഡിങിലും വൻ പരാജയം; പാക് താരം ബാബറിനെതിരെ ട്രോൾമഴ

രണ്ടാം ഇന്നിങ്‌സിൽ ആറുവിക്കറ്റ് നഷ്ടമായ പാകിസ്താന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ 115 റൺസ് കൂടി വേണം

Update: 2024-10-10 15:19 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുൾട്ടാൻ: ബാറ്റിങിൽ നിരന്തരം പരാജയപ്പെടുന്ന പാകിസ്താൻ താരം ബാബർ അസമിനെതിരെ ട്രോൾമഴ. ഇംഗ്ലണ്ടിനെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റിന്റെ നിർണായക രണ്ടാം ഇന്നിങ്‌സിൽ അഞ്ച് റൺസെടുത്ത് താരം ഔട്ടായി. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ 30 റൺസാണ് നേടിയത്. ഫീൽഡിങിൽ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. ജോ റൂട്ട് 176 റൺസിൽ നിൽക്കെ നൽകിയ ക്യാച്ചാണ് ബാബർ വിട്ടുകളഞ്ഞത്. പിന്നീട് ഡബിൾ സെഞ്ച്വറി പൂർത്തിയാക്കി 262 റൺസിലാണ് റൂട്ട് പുറത്തായത്. ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ പോലും ബാബറിന് റൺസ് കണ്ടെത്താൻ കഴിയാത്തത് ആരാധകരെ നിരാശയിലാക്കി. മുൾട്ടാനിലെ ഹൈവേപിച്ച് ബാബറിന് മുന്നിൽ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കമന്റിട്ടു. കഴിഞ്ഞ 18 ഇന്നിങ്‌സുകളിലായി ഒരു അർധ സെഞ്ച്വറി പോലും ബാബർ നേടിയിട്ടില്ല. 654 ദിവസം മുൻപാണ് അവസാനമായി ഫിഫ്റ്റിയടിച്ചത്.

 രണ്ടാം ഇന്നിങ്‌സിൽ ആതിഥേയരുടെ മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞതോടെ വിരസസമനിലയിലേക്കെന്ന് തോന്നിപ്പിച്ച ടെസ്റ്റിന് ജീവൻവെച്ചു. ഇംഗ്ലണ്ടിനെതിരെ 267 റൺസിന്റെ ലീഡ് വഴങ്ങിയ പാകിസ്താൻ നാലാം ദിനം സ്റ്റെമ്പ് എടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ആറിന് 152 എന്ന നിലയിലാണ്. ഒരുദിനം മാത്രം ശേഷിക്കെ തോൽവി ഒഴിവാക്കാൻ നാല് വിക്കറ്റ് ശേഷിക്കെ ആതിഥേയർക്ക് പൊരുതണം. അഗ സൽമാൻ (41), അമേർ ജമാൽ (27) എന്നിവരാണ് ക്രീസിൽ. ഗുസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാർസെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (0) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ക്രിസ് വോക്സിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. മൂന്നാമതെത്തിയ ഷാൻ മസൂദ്(11) വേഗത്തിൽ മടങ്ങിയതോടെ ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചുവന്നു. ബാബർ അസം (5) വീണ്ടും നിരാശപ്പെടുത്തി. സെയിം അയൂബ് (25),സൗദ് ഷക്കീൽ (29), മുഹമ്മദ് റിസ്വാൻ (10)എന്നിവർക്കൊന്നും വലിയ ഇന്നിങ്‌സ് സ്വന്തമാക്കാനായില്ല.

 നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 556നെതിരെ ഇംഗ്ലണ്ട് ഏഴിന് 823 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ട്രിപ്പിൾ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (317), ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് (262) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റൻസ സ്‌കോറിലേക്ക് നയിച്ചത്. ബെൻ ഡക്കറ്റ് (84), സാക് ക്രൗളി (78) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 1990ന് ശേഷം ഇംഗ്ലണ്ടിനായി ട്രിപ്പിൾ സെഞ്ച്വറി നേടുന്ന താരമായി ബ്രൂക്ക്മാറി. നാലാം വിക്കറ്റിൽ ബ്രൂക്ക്-റൂട്ട് സഖ്യം 454 റൺസ് അടിച്ചുകൂട്ടി. ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉർന്ന ബാറ്റിംഗ് കൂട്ടുകെട്ടാണിത്. 823 റൺസടിച്ച ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ തങ്ങളുടെ ഉയർന്ന ടീം ടോട്ടലും കുറിച്ചു. 2022ൽ റാവൽപിണ്ടിയിൽ നേടിയ 657 റൺസായിരുന്നു പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിൻറെ ഏറ്റവും ഉയർന്ന സ്‌കോർ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News