ബെയര്‍സ്റ്റോ സെഞ്ച്വറിയിലേക്ക്: രസംകൊല്ലിയായി മഴ, കളി ഇന്ത്യയുടെ കയ്യില്‍
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 216 റൺസ് വേണം.
എഡ്ജ്ബാസ്റ്റൺ: തകർത്തടിച്ച ജോണി ബെയര്‍സ്റ്റോയുടെ ബലത്തിൽ ഇംഗ്ലണ്ട് കരകയറുന്നു. മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ ആറിന് 200 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 216 റൺസ് വേണം. 113 പന്തിൽ 91 റൺസെടുത്ത ബെയര്‍സ്റ്റോക്ക് കൂട്ടായി ഏഴു റൺസുമായി സാം ബില്ലിങ്‌സുണ്ട്. മഴകാരണം ആണ് ഉച്ചഭക്ഷണത്തിന് നേരത്തെ പിരിഞ്ഞത്.
അഞ്ചിന് 84 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിനെ ബെയര്‍സ്റ്റോയും നായകൻ ബെൻസ്റ്റോക്കും ചേർന്ന് കൈപിടിച്ചുയർത്തി. സ്‌കോർബോർഡ് 100 കടത്തി. അതിനിടെ ഇന്ത്യ ആശിച്ച ബ്രേക്ക്ത്രൂ ഷർദുൽ താക്കൂർ നൽകി. നായകൻ ബുംറയാണ് ബെൻസ്റ്റോക്കിനെ പറന്ന് പിടികൂടിയത്. അപ്പോൾ ഇംഗ്ലണ്ടിന്റെ സ്‌കോർബോർഡ് 149. ബെൻസ്റ്റോക്ക് നേടിയത് 25 റൺസും. പിന്നാലെ എത്തിയ ജാക്ക് ലീച്ചിനും അഞ്ച് പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ.
ഷമിയുടെ കൃത്യതയാർന്നൊരു പന്തിൽ ലീച്ചിന്റെ താളംപോയി. വിക്കറ്റ്കീപ്പർ റിഷബ് പന്തിന് ക്യാച്ച് നൽകി അക്കൗണ്ട് തുറക്കുംമുമ്പെ ലീച്ച് മടങ്ങി. അതിനിടെ ബെയര്‍സ്റ്റോ ഗിയർ മാറ്റി ഏകദിന ശൈലിയിൽ ബാറ്റുവീശുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 64 പന്തിൽ വെറും 16 റൺസുമായാണു ബെയർസ്റ്റോ ബാറ്റു ചെയ്തിരുന്നത്. ബുമ്രയുടെയും ഷമിയുടെയും പന്തുകൾ നേരിടാനാകാതെ കുഴങ്ങിയ ബെയർസ്റ്റോ താളം കണ്ടെത്തിയതോടെ റണ്‍സ് പിറന്നു. 12 ഫോറും രണ്ട് സിക്സറുകളും ബെയര്‍സ്റ്റോ കണ്ടെത്തി.
നേരത്തെ 44 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒലി പോപ്പ് (10) എന്നിവരെ പുറത്താക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്തായിരുന്നു.