ആദ്യം അടിച്ചെടുത്തു, പിന്നെ എറിഞ്ഞിട്ടു: മൂന്നാം ടി20യിൽ വമ്പന്‍ ജയവുമായി ഇന്ത്യ
ഫൈനലെന്ന് വിശേഷിക്കാവുന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
അഹമ്മദാബാദ്: ഏകദിനത്തിന് പുറമെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 235 എന്ന കൂറ്റൻ സ്‌കോറിലേക്ക് ന്യൂസിലാൻഡിന് 66 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 12.1 ഓവറിൽ എല്ലാ ബാറ്റർമാരെയും ഇന്ത്യ പറഞ്ഞയച്ചു. 35 റൺസ് നേടിയ ഡാരിൽ മിച്ചലാണ് കിവികളുടെ ടോപ് സ്‌കോറർ.
ആദ്യം അടിച്ചെടുത്തു, പിന്നെ എറിഞ്ഞിട്ടു ഇതായിരുന്നു അഹമ്മദാബാദിലെ ടി20 മത്സരം. ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ ന്യൂസിലാൻഡ് പകച്ചു. മറുപടി ബാറ്റിങിൽ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെയായിരുന്നു ന്യൂസിലാൻഡ് ബാറ്റർമാരുടെ 'പൊട്ടൽ'. ടീം സ്‌കോർ നാലിൽ നിൽക്കെ തന്നെ രണ്ട് വിക്കറ്റുകൾ വീണു. ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മൂന്നാം വിക്കറ്റും വീണു.
രണ്ട് റൺസ് കൂടി സ്‌കോർബോർഡിലേക്ക് എത്തിയപ്പോഴേക്ക് നാലാമനെയും പറഞ്ഞയച്ചു. പിന്നെ തിരിഞ്ഞുനോക്കിയപ്പോഴേക്ക് 54ന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എത്രവരെ പോകും എന്ന് മാത്രമെ അറിയേണ്ടിയിരുന്നുള്ളൂ. എന്നാൽ 12ാം ഓവറിലെ ആദ്യ പന്തിൽ പത്താമനും പുറത്തായതോടെ ന്യൂസിലാൻഡ് 66ന് തീർന്നു. ബൗളിങിൽ നാല് വിക്കറ്റുമായി ഹാർദിക് പാണ്ഡ്യ തിളങ്ങിയപ്പോൾ ഉംറാൻ മാലിക്, അർഷദീപ് സിങ്, ശിവം മാവി എന്നവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കട്ടക്ക് നിന്നു. ന്യൂസിലാന്‍ഡിന്റെ എട്ട് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാനായില്ല.
ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്
ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റൺസാണ് നേടിയത്. 63 പന്തിൽ പുറത്താകാതെ 126 റൺസാണ് ഗിൽ അടിച്ചെടുത്തത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സ്‌കോർബോർഡിൽ ഏഴ് റൺസെ ഓപ്പണിങ് വിക്കറ്റിൽ പിറന്നുള്ളൂ. ടി20യിൽ മോശം ഫോമിൽ തുടരുന്ന ഇഷാൻ കിഷൻ നേരിട്ട മൂന്നാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്. ഒരു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ രണ്ടാം വിക്കറ്റിൽ ഇന്ത്യ കളി പിടിച്ചു. രാഹുൽ ത്രിപാഠിയും ശുഭ്മാൻ ഗില്ലും തകർത്ത് തന്നെ കളിച്ചു.
ക്രീസിനെ പരമാവധി ഉപയോഗിച്ച് ത്രിപാഠി അവസരം ഗംഭീരമാക്കിയപ്പോൾ ഇന്ത്യൻ സ്‌കോർ പറന്നു. എന്നാൽ അർദ്ധ സെഞ്ച്വറിക്ക് ആറ് റൺസ് അകലെ ത്രിപാഠി വീണു. ഇഷ് സോദിക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ സൂര്യകുമാർ തനത് ശൈലിയിലൂടെ മുന്നേറുന്നതിനിടെ ബ്രൈസ്വെൽ താരത്തെ പറന്ന് പിടികൂടി. 13 പന്തിൽ 24 റൺസായിരുന്നു താരത്തിന്റെ സാമ്പാദ്യം. എന്നാൽ മറുവശത്ത് ശുഭ്മാൻ ഗിൽ പതറിയില്ല. ന്യൂസിലാൻഡ് ബൗളർമാർക്കെല്ലാം കണക്കിന് കിട്ടി. നേരിട്ട 54ാം പന്തിലായിരുന്നു ഗില്ലിന്റെ സെഞ്ച്വറി.
63 പന്തിൽ നിന്ന് 12 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. നിരവധി അവസങ്ങള്‍ കിട്ടിയെങ്കിലും താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. നായകന്‍ ഹാർദിക് പാണ്ഡ്യ 17 പന്തിൽ 30 റൺസുമായി തിളങ്ങി. ന്യൂസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ, ഇഷ് സോദി, ബ്ലയർ ടിക്‌നർ, ബ്രേസ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.