ബി.സി.സി.ഐയുടെ വാർഷിക കരാർ പ്രഖ്യാപിച്ചു: സഞ്ജു ലിസ്റ്റിൽ, എപ്ലസിലേക്ക് ജഡേജ
ഇതാദ്യമായാണ് സഞ്ജു ബി.സി.സി.ഐ കരാറിന്റെ ഭാഗമാകുന്നത്. 'സി' കാറ്റഗറിയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്.
മുംബൈ: പുതിയ വാർഷിക കരാർ പുറത്തുവിട്ട് ബി.സി.സി.ഐ. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എപ്ലസ് കാറ്റഗറിയിൽ ഇടംനേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണും വാർഷി കരാറിൽ ഇടം നേടി. ഇതാദ്യമായാണ് സഞ്ജു ബി.സി.സി.ഐ കരാറിന്റെ ഭാഗമാകുന്നത്. 'സി' കാറ്റഗറിയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് കാറ്റഗറിയിൽ ഉളളത്.
വർഷം ഏഴ് കോടിയാണ് ഇവരുടെ ശമ്പളം. അതേസമയം നേരത്തെ ബി കാറ്റഗറിയിൽ ഉണ്ടായിരുന്ന അകസർ പട്ടേൽ 'എ'യിൽ എത്തി. ഇക്കഴിഞ്ഞ ആസ്‌ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് അക്‌സർ പട്ടേൽ പുറത്തെടുത്തത്. അതേസമയം 'സി' കാറ്റഗറിയിലുണ്ടായിരുന്ന ടി20 നായകൻ ഹാർദിക് പാണ്ഡ്യ 'എ'യിൽ എത്തി.
ഇന്ത്യയുടെ ഭാവി നായകൻ എന്നാണ് ഹാർദികിനെ വിശേഷിപ്പിക്കുന്നത്. ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞവർഷം സി കാറ്റഗറിയിലായിരുന്നു ഹാർദിക് പാണ്ഡ്യ. സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർക്കും സ്ഥാനക്കയറ്റം ലഭിച്ചു. 'സി'യിൽ നിന്നും 'ബി'യിലേക്കാണ് ഇരുവരുടെയും സ്ഥാനക്കയറ്റം. ഇഷാൻ കിഷൻ, ദീപക് ഹൂഡ, കുൽദീപ് യാദവ്, സഞ്ജു സാംസൺ, അർഷദീപ് സിങ്, കെ.എസ് ഭരത് എന്നിവരാണ് പുതുതായി വാർഷിക കരാർ ലഭിച്ച കളിക്കാർ. ടെസ്റ്റിൽ സ്ഥാനം നഷ്ടപ്പെട്ട വൃദ്ധിമാൻ സാഹ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ എന്നിവര്‍ കരാറില്‍ നിന്ന് പുറത്തായി. മുമ്പ് ഗ്രേഡ് സിയിൽ ഉണ്ടായിരുന്നവരാണ് ഇവര്‍.
ചേതേശ്വർ പൂജാര ഗ്രേഡ് ബി കരാർ നിലനിർത്തിയപ്പോൾ, ഫോമും ടെസ്റ്റ് സ്ഥാനവും നഷ്ടപ്പെട്ട അജിങ്ക്യ രഹാനെയെ ഒഴിവാക്കി. ഇഷാന്ത് ശർമ്മയ്ക്കും ഇടം നേടാനായില്ല. 2021 നവംബറിലാണ് ഇരവരും അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്.
ഗ്രേഡ് എ+ (7 കോടി രൂപ): രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ (5 കോടി രൂപ): ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ
ഗ്രേഡ് ബി (3 കോടി): ചേതേശ്വര്‍ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ
ഗ്രേഡ് സി (1 കോടി): ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ.എസ് ഭരത്