ഐ.പി.എല്ലിൽനിന്ന് താരങ്ങളെ വിലക്കുമോ ബി.സി.സി.ഐ? തീരുമാനം വന്നാൽ ഏത് ടീമിന് പണികിട്ടും?
താരങ്ങളെ കളിപ്പിക്കരുതെന്ന് പറയാൻ ബി.സി.സി.ഐയ്ക്ക് ആകില്ലെന്നാണ് ഒരു ഐ.പി.എൽ ടീം വൃത്തം പ്രതികരിച്ചത്
ന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥ്യംവഹിക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽകണ്ടുള്ള മുന്നൊരുക്കങ്ങൾ ബി.സി.സി.ഐ ആരംഭിച്ചിരിക്കുകയാണ്. കിരീടം ലക്ഷ്യമിട്ട് മികച്ച ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 20 അംഗ സംഘത്തെ ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുത്ത വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐ.പി.എൽ ടീമുകളെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും മുന്നൊരുക്കമെന്നാണ് അറിയുന്നത്.
ബി.സി.സി.ഐ തിരഞ്ഞെടുത്ത താരങ്ങളെ നിരീക്ഷിക്കുകയും അവരുടെ കളി വിലയിരുത്തുകയും ചെയ്യാനുള്ള ചുമതല ദേശീയ ക്രിക്കറ്റ് അസോസിയേഷനെ(എൻ.സി.എ)യാണ് ഏൽപിച്ചിരിക്കുന്നത്. താരങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിനൊപ്പം ഇവരുടെ ജോലിഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും അസോസിയേഷനെ ഏൽപിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ ഏറ്റവും പ്രധാനമായത് ഈ വർഷത്തെ ഐ.പി.എല്ലിൽ ഈ താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ വിഷയത്തിൽ അവരുടെ ഐ.പി.എൽ ടീമുകളുമായി സംസാരിച്ച് ജോലിഭാരം കുറയ്ക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളാനാണ് എൻ.സി.എയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, താരങ്ങളെ മത്സരങ്ങളിൽനിന്നു വിലക്കുമോ എന്ന കാര്യം വ്യക്തമല്ല. പൂർണമായും വിലയ്ക്കാനിടയില്ലെങ്കിലും ഏതാനും കളികളിൽ മാത്രം താരങ്ങളെ കളിപ്പിക്കാൻ പാടുള്ളൂവെന്ന നിർദേശം മുന്നോട്ടുവയ്ക്കാനിടയുണ്ട്്.
എങ്ങനെയായാലും പുതിയ തീരുമാനത്തെ ഐ.പി.എൽ ടീമുകൾ എങ്ങനെ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും. താരങ്ങളെ കളിപ്പിക്കരുതെന്ന് പറയാൻ ബി.സി.സി.ഐയ്ക്ക് ആകില്ലെന്നാണ് ഒരു ഐ.പി.എൽ ടീം വൃത്തം 'ഇന്ത്യൻ എക്‌സ്പ്രസി'നോട് പ്രതികരിച്ചത്. അവർ പറയുന്ന താരം ഇത്ര കളി മാത്രമേ കളിക്കാവൂവെന്ന് നിശ്ചയിക്കാൻ ബി.സി.സി.ഐയ്ക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു ടീമിനാകും കൂടുതൽ തിരിച്ചടി?
ഞായറാഴ്ച നടന്ന ബി.സി.സി.ഐ റിവ്യൂ യോഗത്തിലാണ് 20 അംഗ സംഘത്തെ തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്. താരങ്ങളുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, സാധ്യതാസംഘത്തെക്കുറിച്ചുള്ള ഏകദേശ ധാരണയായിട്ടുണ്ട്. ഹർഷ ഭോഗ്ലെ ഉൾപ്പെടെയുള്ള ക്രിക്കറ്റ് വിദഗ്ധർ സൂചിപ്പിക്കുന്ന സാധ്യത 20 ഇങ്ങനെയാണ്:
രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർശ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, പ്രസിദ് കൃഷ്ണ.
ഏറെക്കുറെ ഇതേ ടീം തന്നെയായിരിക്കും ബി.സി.സി.ഐ പരിഗണിക്കുന്നതെന്ന് താരങ്ങളുടെ അടുത്ത കാലത്തെ പ്രകടനം നിരീക്ഷിക്കുന്നവർക്ക് വ്യക്തമാണ്. അങ്ങനെയാണെങ്കിൽ ബി.സി.സി.ഐ തീരുമാനം കടുപ്പിക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിനെയാകും ഏറ്റവും കൂടൂതൽ ബാധിക്കുക. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ നാല് പ്രധാന താരങ്ങളുടെ സേവനമാകും ഇത്തവണ ടീമിനു നഷ്ടപ്പെടുക. രോഹിതിനൊപ്പം ടീമിന്റെ നെടുംതൂണുകളായ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷൻ കിഷൻ എന്നിവരില്ലാതെ ഒരു സീസണിനെക്കുറിച്ച് മുംബൈയ്ക്ക് ചിന്തിക്കാനാകില്ല.
ഗുജറാത്തിനു മൂന്നു പ്രധാന താരങ്ങളെയും നഷ്ടമാകും. നായകൻ ഹർദിക് പാണ്ഡ്യ, പേസ് താരം മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ എന്നിവരെല്ലാം ബി.സി.സി.ഐ സംഘത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. രാജസ്ഥാൻ റോയൽസിൽ നായകൻ സഞ്ജു സാംസണിനൊപ്പം യുസ്‌വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ എന്നിവരുടെ അഭാവവും ബാധിക്കും. ഡൽഹിയിൽ ഋഷഭ് പന്ത്, കുൽദീപ് യാദവ്, ബാംഗ്ലൂരിൽ വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവവും തിരിച്ചടിയാകും. അതേസമയം, ചെന്നൈയിൽനിന്ന് രവീന്ദ്ര ജഡേജയും ലഖ്‌നൗവിൽനിന്ന് കെ.എൽ രാഹുലും മാത്രമാണ് സംഘത്തിലുള്ളത്.