ഇന്ത്യയിൽ ടി10 ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ബി.സി.സി.ഐ
ലോകത്ത് പലയിടങ്ങളിലും വിജയകരമായി ടി10 ലീഗുകൾ നടക്കുന്നുണ്ട്
മുംബൈ: ഐ.പി.എല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബി.സി.സി.ഐ ഒരുങ്ങുന്നതായി വാര്‍ത്തകള്‍.ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്ത് പലയിടങ്ങളിലും വിജയകരമായി ടി10 ലീഗുകൾ നടക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചർച്ചകൾ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഐപിഎല്ലിൻെറ വരുമാനവും അതിനോടുള്ള താൽപര്യവും കുറയാതിരിക്കാൻ പരമാവധി ശ്രദ്ധിച്ച് കൊണ്ടായിരിക്കും ലീഗ് ആരംഭിക്കുക.
സ്പോൺസർമാർക്കും വ്യാവസായിക മേഖലയിലുള്ളവർക്കും പുതിയ ലീഗിനോട് വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടി10 ലീഗിനായി പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചാല്‍ ബിസിസിഐക്ക് അതുവഴി വലിയ വരുമാനമുണ്ടാക്കാനാവും. നിലവില്‍ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരില്‍ പലരും ഐപിഎല്ലിലും കളിക്കുന്നവരാണ്.
നിലവിൽ ഇന്ത്യയിൽ ടി10 ലീഗുകളൊന്നും തന്നെ നടക്കുന്നില്ല. ബിസിസിഐയുമായി കരാറുള്ള കളിക്കാർക്ക് പുറത്തെ ടി10 ലീഗുകളിലോ ടി20 ലീഗുകളിലോ പങ്കെടുക്കാനും സാധിക്കില്ല.