നിറഞ്ഞാടി ഹാര്‍ദിക്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം
അര്‍ധ സെഞ്ച്വറിയും നാല് വിക്കറ്റുമായാണ് ഹാര്‍ദിക് നിറഞ്ഞാടിയത്
സതാപ്ടൺ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പമ്പരയിൽ ഇന്ത്യക്ക് വിജയ തുടക്കം. ആദ്യ മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിജയത്തോടെ ഇന്ത്യ മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രോഹിത് ശർമയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ് നിര പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറി അടക്കം 198 റൺസാണ് ഇന്ത്യൻ നിര അടിച്ചെടുത്തത്. 33 പന്തില്‍ നിന്ന് 51 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. അര്‍ധ സെഞ്ച്വറിയും നാല് വിക്കറ്റുമായാണ് ഹാര്‍ദിക് നിറഞ്ഞാടിയത്.
ദീപക് ഹൂഡയും (17 പന്തില്‍ 33) സൂര്യകുമാര്‍ യാദവും (19 പന്തില്‍ 39) മധ്യ ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ 24ഉം അക്‌സര്‍ പട്ടേല്‍ 17ഉം റണ്‍സെടുത്ത് പുറത്തായി.
199 റൺസിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് എടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ നിര എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങില്‍ മോയിന്‍ അലിക്കും (36) ഹാരി ബ്രൂക്കിനും (28) ക്രിസ് ജോര്‍ദാനും (26 ) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാനായത്. 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് തന്നെയാണ് ബൗളിങ്ങിലും ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. ചഹാലും അര്‍ഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് 19.3 ഓവറില്‍ 148ന് ഓള്‍ഔട്ടായി.
ഇന്നലത്തെ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം കിട്ടിയിട്ടില്ല. ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലിറങ്ങിയത്.
ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. അയർലൻഡിനെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ 77 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. പക്ഷേ താരത്തിന് ഈ മത്സരത്തിലെ അന്തിമ ഇലവനിൽ സ്ഥാനം കിട്ടിയില്ല.