വിക്കറ്റ് കീപ്പർക്ക് പന്ത് എടുത്തുകൊടുത്താലും ഔട്ടോ? ഇതെന്തൊരു 'നിയമം'

അണ്ടർ19 ലോകകപ്പിൽ ഇംഗ്ലണ്ടും സിംബാബ്‌വെയും തമ്മിൽ നടന്ന മത്സരത്തിലാണ് വിചിത്രമായ രീതിയിലൊരു പുറത്താകൽ

Update: 2024-02-04 12:30 GMT
Editor : rishad | By : Web Desk
Advertising

പോച്ചെഫ്‌സ്‌റൂം(ദക്ഷിണാഫ്രിക്ക): ഫീൽഡർമാരെ തടസപ്പെടുത്തിയാൽ അമ്പയർ ഔട്ട് വിധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നിയമത്തിന്റെ മറപറ്റി ഔട്ടാവാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു സാഹചര്യത്തിൽ 'റെഡ് സിഗ്നൽ' ലഭിച്ചാൽ എങ്ങനെയിരിക്കും? അത്തരത്തിലൊന്നാണ് അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടും സിംബാബ്‌വെയും തമ്മിലെ മത്സരത്തിൽ നടന്നത്.

ഇംഗ്ലണ്ട് ബാറ്റർ ഹംസ ഷെയിഖ് ആണ് ഇങ്ങനെ വിചിത്രമായ രീതിയിൽ പുറത്തായത്. ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് സംഭവം. തന്റെ കാൽലക്ഷ്യമാക്കിവന്നൊരു പന്തിനെ ഷെയിഖ് ഹംസ ഫലപ്രദമായി പ്രതിരോധിച്ചു. പന്ത് ക്രീസിൽ തന്നെ കിടന്നു. ഈ പന്ത് എടുക്കാൻ സിംബാബ്‌വെൻ വിക്കറ്റ് കീപ്പർ റായൻ കംവെമ്പ വരുന്നതിനിടെ, ഹംസ തന്നെ വിക്കറ്റ് കീപ്പർക്ക് എടുത്തു നൽകി.

ഉടൻ തന്നെ വിക്കറ്റ് കീപ്പറും സ്ലിപ്പിലെ ഫീല്‍ഡറും അപ്പീൽ ചെയ്തു. ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പർക്ക് വിട്ടു. ഫീൽഡിങ് തടസപ്പെടുത്തിയതിന് മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. അത്ഭുതത്തോടെയാണ് ഇങ്ങനെയൊരു ഔട്ടിനെ സോഷ്യൽമീഡിയ വീക്ഷിക്കുന്നത്. പന്ത് എടുക്കാൻ വന്ന വിക്കറ്റ് കീപ്പർക്ക് അതെടുത്ത് കൊടുത്തതിനൊക്കെ ഔട്ട് വിധിക്കുക എന്നത് വിചിത്രമാണെന്നാണ് പലരും പങ്കുവെക്കുന്നത്. 

പ്രാദേശിക ലീഗ് മത്സരങ്ങളിലല്ല, ഐ.സി.സിയുടെ ഒരു പ്രധാന ടൂർണമെന്റിലാണ് ഇങ്ങനെയൊരു വിധി വരുന്നത് എന്നത് ഗൗരവതരമായ വിഷയമാണെന്നും ഇക്കാര്യം ചർച്ചകൾക്ക് വിധേയമാക്കണമെന്നുമൊക്കെയാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സിംബാബ്‌വെൻ ക്രിക്കറ്റർമാർ ഒരിക്കലും അപ്പീൽ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റര്‍  സ്റ്റുവര്‍ട്ട് ബ്രോഡും തന്റെ അതൃപ്തി പ്രകടമാക്കി. 

Watch Video;

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News