സെഞ്ച്വറി നഷ്ടം, ഒറ്റയ്ക്ക് പൊരുതി അയ്യർ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 252ന് പുറത്ത്
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 25 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 252 റൺസിന് പുറത്ത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, 59.1 ഓവറിൽ 252 റൺസിനാണ് പുറത്തായത്. ഒറ്റയ്ക്കു പൊരുതി സെഞ്ചുറിക്ക് തൊട്ടടുതെത്തിയ ശ്രേയസ് അയ്യർ പുറത്തായത് ആരാധാകരെ നിരാശയിലാക്കി. അർധ സെഞ്ചുറിയുമായി പൊരുതിനിന്ന അയ്യരാണ് ഇന്ത്യയെ 250 കടത്തിയത്. 98 പന്തിൽ 10 ഫോറും നാലു സിക്‌സും സഹിതം 92 റൺസെടുത്താണ് അദ്ദേഹം പുറത്തായത്.
ഹനുമ വിഹാരി (81 പന്തിൽ 31), വിരാട് കോലി (48 പന്തിൽ 23), ഋഷഭ് പന്ത് (26 പന്തിൽ 39) എന്നിവരും ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 25 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ മയാങ്ക് അഗർവാൾ ഏഴു പന്തിൽ നാല് റണ്ണും എടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി രവീന്ദ്ര ജഡേജ (14 പന്തിൽ നാല്), രവിചന്ദ്രൻ അശ്വിൻ (33 പന്തിൽ 13), അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഒൻപത്), മുഹമ്മദ് ഷമി (എട്ടു പന്തിൽ അഞ്ച്) എന്നിവരിൽ നിന്നും നിരാശപ്പെടുത്തുന്ന പ്രകടനമാണുണ്ടായത്.
ജസ്പ്രീത് ബുമ്ര (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് നഷ്ടമായ പത്തിൽ എട്ടു വിക്കറ്റുകളും ശ്രീലങ്കൻ സ്പിന്നർമാർ സ്വന്തമാക്കി. 24 ഓവറിൽ 94 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് എംബുൽദെനിയ, 17.1 ഓവറിൽ 81 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രവീൺ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പൻമാർ. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റ് വീഴ്ത്തി. പേസ് ബോളർ സുരംഗ ലക്മലിന് ഒരു വിക്കറ്റ് ലഭിച്ചു. ഒരാൾ റണ്ണൗട്ടായി.