''ഇന്നലത്തെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ധോണിക്ക്...''- ഡെവോണ്‍ കോണ്‍വേ
49 പന്തിൽ അഞ്ച് സിക്‌സറുകളും ഏഴ് ബൌണ്ടറിയും പറത്തിയ കോണ്‍വേ മത്സരശേഷം തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ധോണിക്കാണെന്ന് പറഞ്ഞു
ആദ്യ മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. നായകസ്ഥാനത്തേക്ക് ധോണി തിരിച്ചെത്തിയതും ഇവടവേളക്ക് ശേഷമുള്ള ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ തിരിച്ചുവരവും ചെന്നൈയെ വീണ്ടും ടോപ് ഗിയറിലെത്തിക്കുകയായിരുന്നു.
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കോണ്‍വേ മിന്നും ഫോമിലായിരുന്നു. വെറും 49 പന്തിൽ അഞ്ച് സിക്‌സറുകളും ഏഴ് ബൌണ്ടറിയും പറത്തി 87 റൺസാണ് കോണ്‍വേ അടിച്ചെടുത്തത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കോണ്‍വേ അര്‍ധസെഞ്ച്വറി കണ്ടെത്തുന്നത്. ഈ സീസണിലെ ആദ്യ മസരത്തില്‍ ടീമിലുണ്ടായിരുന്ന കോണ്‍വേ പിന്നീട് കളിച്ചിരുന്നില്ല. അതിന് ശേഷം സണ്‍റൈസേഴ്സിനെതിരായ മത്സരത്തിലാണ് താരത്തെ വീണ്ടും ചെന്നൈ ഇറക്കിയത്. പിന്നീട് കോണ്‍വേയുടെ ദിവസങ്ങള്‍ ആയിരുന്നു. കളിച്ച മൂന്ന് കളികളിലും അര്‍ധസെഞ്ച്വറി. 155 റണ്‍സ് സ്ട്രൈക് റേറ്റില്‍ 77 റണ്‍സിന്‍റെ ആവറേജും ന്യൂസിലന്‍ഡില്‍ നിന്നുള്ള ഈ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ സ്കോര്‍ ചെയ്തു.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ റണ്‍സിന് തകര്‍ത്തതിന് പിന്നിലും കോണ്‍വേയുടെ പ്രകടനമാണ് നിര്‍ണായകമായത്. 49 പന്തിൽ അഞ്ച് സിക്‌സറുകളും ഏഴ് ബൌണ്ടറിയും പറത്തിയ കോണ്‍വേ മത്സരശേഷം തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ധോണിക്കാണെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പലപ്പോഴും സ്വീപ് ഷോട്ടിന് ശ്രമിച്ച് പരാജയപ്പെടാറുള്ള ആളാണെന്നും കഴിഞ്ഞ മത്സരത്തില്‍ അത് സംഭവിച്ചപ്പോള്‍ സ്ട്രെയിറ്റായിട്ട് കളിക്കാന്‍ നിര്‍ദേശം തന്നത് ധോണിയാണെന്നും കോണ്‍വേ പറഞ്ഞു. 'അത് വിജയിച്ചു, അതുകൊണ്ട് തന്നെ ഈ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ധോണിക്കാണ്.' കോൺവേ കൂട്ടിചേര്‍ത്തു.
ഓപ്പണിങ് വിക്കറ്റിൽ കോൺവേയും ഗെയ്ക്വാദും ചേര്‍ന്ന് 110 റൺസിന്‍റെ കൂട്ടു കെട്ടാണ് ചെന്നൈക്കായി പടുത്തുയർത്തിയത്. ഗെയ്ക്വാദ് 33 പന്തിൽ നിന്ന് 41 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ശിവം ദുബെയും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ചെന്നൈക്കായി കത്തിക്കയറി. ദുബെ വെറും 19 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 32 റൺസെടുത്തപ്പോള്‍ ധോണി ഏഴ് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ചെന്നൈയുടെ മിന്നും പ്രകടനത്തില്‍ 91 റൺസിനാണ് ഡല്‍ഹിക്ക് അടിയറവ് പറയേണ്ടിവന്നത്. ചെന്നൈ ഉയർത്തിയ 208 റൺസിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 117 റൺസിന് കൂടാരം കയറി. 25 റൺസെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. ചെന്നൈക്കായി മുഈൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.