ദ്രാവിഡ് സ്ഥാനമൊഴിയുന്നു; പകരം വിവിഎസ് ലക്ഷ്മണെന്ന് റിപ്പോര്‍ട്ട്

പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചു

Update: 2023-11-23 06:53 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ഇതിഹാസ താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കും. 

നവംബർ 19നാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിക്കുന്നത്. ഫൈനലില്‍ ആസ്ട്രേലിയയില്‍ നിന്നേറ്റ തോൽവിക്ക് ശേഷം വിഷയത്തില്‍ രാഹുൽ പ്രതികരിച്ചിരുന്നു. 'ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രവി ശാസ്ത്രിയുടെ കോച്ചിങ് കരിയർ അവസാനിച്ച ശേഷം 2021 നവംബറിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്. ഒരു ഐപിഎല്‍ ടീം രണ്ടു വര്‍ഷത്തെ കോച്ചിങ് കരാറിനായി ദ്രാവിഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് ലക്ഷ്മണാണ്. ബെംഗളൂരുവിലെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മൺ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News