ട്വന്റി 20 ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിയുടെ സൈക്കോളജിസ്റ്റിനെ ടീമിനൊപ്പം ചേർത്ത് ഇംഗ്ലണ്ട്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ സൈക്കോളജിസ്റ്റ് ഡേവിഡ് യങിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനൊപ്പം ചേർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 2019ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുമ്പോഴും യങ് കൂടെയുണ്ടായിരുന്നു.
പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാംതവണയും മുത്തമിട്ട മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള വിജയകരമായ സീസണ് ശേഷമാണ് യങ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനൊപ്പം ചേരുന്നത്. നേരത്തേ 2016 മുതൽ 2020വരെ ഇംഗ്ലണ്ട് ടീമിനൊപ്പം യങ് ഉണ്ടായിരുന്നു.
2019 ലോകകപ്പ് ഫൈനലിൽ യങ് പകർന്ന മനസാന്നിധ്യം തുണയായെന്ന് നേരത്തേ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞിരുന്നു. പാകിസ്താനെതിരെ നടക്കുന്ന ട്വന്റി പരമ്പരക്കുള്ള ഇംഗ്ലീഷ് ടീമിനൊപ്പവും യങിനെ ചേർത്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന എഫ്.എ കപ്പ് ഫൈനലിനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേർന്ന ശേഷം യങ് ഇംഗ്ലീഷ് ടീമിൽ മടങ്ങിയെത്തും.