ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും ഇന്ത്യക്കു മേൽക്കൈ

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്

Update: 2022-07-02 19:49 GMT
Editor : afsal137 | By : Web Desk
Advertising

ബർമിങാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. മഴ കാരണം ഭൂരിഭാഗം സമയവും നഷ്ടമായ രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തിക്കഴിഞ്ഞു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ചിന് 84 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാൾ 332 റൺസ് പിന്നിലാണ് ആതിഥേയർ. ജോണി ബെയർസ്റ്റോ (12*), ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് (0*) എന്നിവരാണ് ക്രീസിൽ.

രണ്ടാം ദിനം ഇടയ്ക്കിടെ മഴ കാരണം കളിനിർത്തിവെക്കേണ്ടി വന്നെങ്കിലും അതിനൊന്നും ഇന്ത്യയുടെ മുന്നേറ്റത്തെ തടുക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്. 67 പന്തിൽ നിന്ന് 31 റൺസെടുത്ത സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ടിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വപ്ന വിക്കറ്റ് സമ്മാനിച്ചത്. സിറാജിന്റെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ റൂട്ടിന് പിഴച്ചു. ഋഷ് പന്തിന് ക്യാച്ച്. പിന്നാലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ജാക്ക് ലീച്ചിനെ (0) പുറത്താക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.

നേരത്തെ 44 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒലി പോപ്പ് (10) എന്നിവരെ പുറത്താക്കി ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ മഴയെത്തിയതോടെ നിർത്തിവെച്ച മത്സരം ഔട്ട്ഫീൽഡിലെ നനവ് കാരണം പുനരാരംഭിക്കാൻ വൈകുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 416 റൺസിന് പുറത്തായിരുന്നു. ആദ്യ ദിനം അഞ്ചിന് 98 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സുകളാണ് തുണയായത്. ആറാം വിക്കറ്റിൽ 222 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഇന്ത്യൻ സ്‌കോർ 300 കടത്തിയ ശേഷമാണ് പിരിഞ്ഞത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News