ലോകകപ്പിൽ നിന്ന് ആസ്‌ത്രേലിയ പുറത്ത്; ഇംഗ്ലണ്ട് സെമിയിൽ
ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാംസ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു
സിഡ്‌നി: ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കാതെ ആതിഥേയരായ ആസ്‌ത്രേലിയ പുറത്ത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെയാണ് ആസ്‌ത്രേലിയക്ക് പുറത്തേക്കുള്ള വാതിൽ തുറന്നത്. ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 4 വിക്കറ്റിനാണ് വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാംസ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു.
ഇംഗ്ലണ്ടിനായി അലക്‌സ് ഹെയിൽസ് 30 പന്തിൽ 47 റൺസെടുത്തു. അവസാന ഓവറുകളിൽ ബെൻസ്റ്റോക്‌സ് പുറത്തെടുത്ത പ്രകടനമാണ് ഇംഗ്ലണ്ടിന് കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം കൈപ്പിടിയിൽ ഒതുക്കാൻ വഴിയൊരുക്കിയത്. സ്‌റ്റോക്‌സ് 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ഹസരങ്ക,ലഹിരു കുമാര, ധനജ്ഞയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 141 റൺസെടുത്തു. ഓപ്പണർ പതും നിസാൻക നടത്ത പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. നിസാൻക 45 പന്തിൽ നിന്ന് 67 റൺസെടുത്തു.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു നിസാൻകയും കുശാൽ മെൻഡിസും ശ്രീലങ്കയ്ക്ക് നൽകിയത്. എന്നാൽ, സ്‌കോർ 36 ൽ എത്തിനിൽക്കെ കുശാൽ മെൻഡിസ് പുറത്തായി. പിന്നീടെത്തിയ ധനജ്ഞയുമൊത്ത് നിസാൻക സ്‌കോർ ഉയർത്തിയെങ്കിലും സ്‌കോർ 72 ൽ എത്തിനിൽക്കെ ധനജ്ഞയയും പുറത്തായി. പിന്നീടെത്തിയ രജപക്‌സ ഒഴികെയുള്ള ബാറ്റർമാരെല്ലാം രണ്ടടക്കം കാണാതെ പുറത്തായതോടെ ശ്രീലങ്ക 141 ൽ ഒതുങ്ങി.
ഇംഗ്ലണ്ടിന്റെ ബൗളർമാർ പുറത്തെടുത്ത പ്രകടനം തന്നെയാണ് അവർക്ക് തുണയായത്. മാർക്ക് വുഡ് മൂന്നും ബെൻസ്റ്റേക്‌സ്,ക്രിസ് വോക്‌സ്, സാം കറൺ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജയിച്ചാൽ ഇംഗ്ലണ്ടിന് സെമിയിലെത്താം. തോറ്റാൽ പുറത്താകും. ഇംഗ്ലണ്ട് ജയിച്ചാൽ ആതിഥേയരായ ആസ്‌ത്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.