'ഐപിഎൽ നേടിയാലും സഞ്ജു ഇന്ത്യൻ ടീമിൽ എത്തണമെന്നില്ല'; അവസരം ഉപയോഗിച്ചില്ലെന്ന് മുൻ സെലക്ടർ

2015ൽ സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസൺ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ചപ്പോൾ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന വ്യക്തിയാണ് ശരൺദീപ് സിങ്

Update: 2023-04-21 13:03 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: രാജസ്ഥാൻ റോയൽസ് ഐപിഎൽ കിരീടം നേടിയാലും ക്യാപ്റ്റൻ സഞ്ജു സാംസണ് ദേശീയ ടീമിലേക്കു സിലക്ഷൻ നേടാൻ അതു സഹായകമാകില്ലെന്ന് ഇന്ത്യൻ ടീം മുൻ സെലക്ടർ ശരൺദീപ് സിങ്. അവസരം നൽകിയപ്പോൾ സഞ്ജുവിന് അതു കൃത്യമായി ഉപയോഗിക്കാൻ സാധിച്ചില്ലെന്നു ശരൺദീപ് സിങ് പ്രതികരിച്ചു. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസൺ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ചപ്പോൾ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന വ്യക്തിയാണ് ശരൺദീപ് സിങ്.

''ഞാൻ സിലക്ടറായിരുന്നപ്പോൾ സഞ്ജുവിന് ട്വന്റി20യിൽ ഓപ്പണറുടെ റോളിൽ അവസരങ്ങളുണ്ടായിരുന്നു. സഞ്ജുവിന് ആവശ്യമായ അവസരം നൽകി. എന്നാൽ ആ സമയത്ത് സഞ്ജുവിനു പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഏകദിന ക്രിക്കറ്റിൽ മധ്യനിരയിൽ കളിക്കാനിറങ്ങി സഞ്ജു മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ആ സമയത്തു തന്നെ മറ്റു വിക്കറ്റ് കീപ്പർമാരും നന്നായി തിളങ്ങിയിരുന്നു.'' ഒരു ദേശീയ മാധ്യമത്തോടു ശരൺദീപ് സിങ് പറഞ്ഞു.

''ഇഷാൻ കിഷൻ അടുത്തിടെയാണ് ഡബിൾ സെഞ്ച്വറി നേടിയത്. ഋഷഭ് പന്ത് ഇവിടെയുണ്ട്. ദിനേഷ് കാർത്തിക്ക് കഴിഞ്ഞ വർഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തി. അതുകൊണ്ടാണ് സഞ്ജുവിന് ചിലപ്പോഴൊക്കെ അവസരം കിട്ടാതെ പോയത്. ''നിങ്ങൾ ഐപിഎൽ വിജയിച്ചാലും, ആവശ്യത്തിന് റൺസ് സ്‌കോർ ചെയ്തില്ലെങ്കിൽ എങ്ങനെ ഇന്ത്യൻ ടീമിലെത്തും. മികച്ച പ്രകടനം മാത്രമാണ് ടീമിലെത്താനുള്ള അളവുകോലെന്നും ശരൺദീപ് സിങ് പറഞ്ഞു.

ഐപിഎല്ലിന്റെ 2023 സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 159 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. 

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News