42 റൺസിനിടെ വീണത് ആറ് വിക്കറ്റുകൾ; സംഭവിച്ചത് എന്തെന്നറിയാതെ അഫ്ഗാനിസ്താൻ

110ന് നാല് എന്ന നിലയിൽ കിവികൾ വിയർത്തെങ്കിലും അഞ്ചാം വിക്കറ്റിൽ വന്ന 'ഐതിഹാസിക' ചെറുത്ത് നിൽപ്പ് അഫ്ഗാനിസ്താന്റെ പ്രതീക്ഷകളത്രയും ഇല്ലാതാക്കി

Update: 2023-10-19 02:35 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: ടോസ് നേടിയിട്ടും അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുത്തത് ന്യൂസിലാൻഡിനെ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് പോലെ കറക്കിവീഴ്ത്താമെന്ന് കണ്ടാണ്. 110ന് നാല് എന്ന നിലയിൽ കിവികൾ വിയർത്തെങ്കിലും അഞ്ചാം വിക്കറ്റിൽ വന്ന 'ഐതിഹാസിക' ചെറുത്ത് നിൽപ്പ് അഫ്ഗാനിസ്താന്റെ പ്രതീക്ഷകളത്രയും ഇല്ലാതാക്കി.

അഞ്ചാം വിക്കറ്റ് വീണത് ടീം സ്‌കോർ 254 എത്തിനിൽക്കെയും. അപ്പോഴേക്കും കളി ന്യൂസിലാൻഡിന്റെ വരുതിയിൽ എത്തിയിരുന്നു. ന്യൂസിലാൻഡ് ഉയർത്തിയ 289 എന്ന സ്‌കോർ ചെന്നൈ പിച്ചിൽ 350 എടുത്തത് പോലെയാണ്. പിന്തുടർന്ന് ജയിക്കുക അസാധ്യം. രണ്ടാമത്തെ ബാറ്റിങിൽ മഞ്ഞിനെയും തിരിയുന്ന പന്തുകളെയും പൊരുതി ചേസ് ചെയ്ത് ജയിക്കണമെങ്കിൽ അസാധ്യ ബാറ്റിങ് നിര തന്നെ വേണം. അഫ്ഗാനിസ്താന് അങ്ങനെയൊന്ന് അവകാശപ്പെടാനില്ല.

മറുപടി ബാറ്റിങില്‍ ടീം സ്‌കോർ 27 വരെ വിക്കറ്റ് വീഴാതെ കാത്തതാണ് അഫ്ഗാൻ 'വീര്യം'. അവിടന്നങ്ങോട്ട് ബാറ്റർമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. അതെ സ്‌കോറിൽ നിൽക്കെ തന്നെ രണ്ടാം വിക്കറ്റും വീണു. പിന്നെ 43ന് മൂന്ന് 97ന് നാല് എന്ന നിലയിൽ തരിപ്പണമായി. ഒരത്ഭുത ഇന്നിങ്‌സ് പിറന്നെങ്കിൽ മാത്രമെ അഫ്ഗാനിസ്താന് പിന്നീടൊരു രക്ഷയുണ്ടായിരുന്നുള്ളൂ.

ട്രെൻഡ് ബൗൾട്ടും മിച്ചൽ സാന്റ്‌നറും ലോക്കി ഫെർഗൂസണും പിച്ചറിഞ്ഞ് പന്തെറിഞ്ഞതോടെ ഇല്ലാത്ത ബാറ്റിങ് നിരയുമായി അഫ്ഗാൻ എന്ത് ചെയ്യാനാണ്. കീഴടങ്ങുക, കളി നേരത്തെ അങ്ങ് അസാനിപ്പിക്കുക അത്ര തന്നെ. 97ന് നാല് എന്ന നിലയിൽ നിന്നും 139ൽ തീർന്നപ്പോഴേക്കും അഫ്ഗാനിസ്താന് തുടരെ നഷ്ടമായത് ആറ് വിക്കറ്റുകൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ 42 റൺസെടുക്കുന്നതിനിടെയാണ് ഈ ആറ് വിക്കറ്റുകളും വീണത്.

ആറ് പേരെ രണ്ടക്കം പോലും കാണിക്കാതെ ന്യൂസിലാൻഡ് ബൗളർമാർ 'ക്രൂരത' കാട്ടി. ഇതിൽ രണ്ട് പേർ അക്കൗണ്ട് പോലും തുറന്നില്ല. നേരിട്ട ആദ്യ പന്തിലും രണ്ടാം പന്തിലും പുറത്തായവരും ഉണ്ട്. കളി തീരുമ്പോൾ പതിനഞ്ച് ഓവറോളം ഇനിയും ബാക്കിയുണ്ടായിരുന്നു. ജയത്തോടെ ന്യൂസിലാൻഡ് ഇന്ത്യയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. കളിച്ച നാല് മത്സരങ്ങളും ജയിച്ച ന്യൂസിലാൻഡ് ഒരുങ്ങിത്തന്നെയാണ് എത്തിയിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News