രണ്ടാം ടെസ്റ്റിന് മുൻപ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി; പേസർ ജെറാൾഡ് കോട്‌സി പുറത്ത്
അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗറാകും ടീമിനെ നയിക്കുക.
കേപ്ടൗൺ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. പേസർ ജെറാൾഡ് കോട്‌സി അണുബാധ കാരണം കളിക്കില്ല. നേരത്തെ ക്യാപ്റ്റൻ ടെംബ ബാഹുമയും പരിക്ക് കാരണം കേപ്ടൗൺ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗറാകും ടീമിനെ നയിക്കുക.ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിക്കാൻ വിജയം അനിവാര്യമാണ്.
കോട്‌സിക്ക് പകരം ലുങ്കി ഇൻഗിഡി ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ത്യൻ നിരയിൽ പ്രസീത് കൃഷ്ണക്ക്് പകരം ആവേഷ് ഖാൻ ഇടംപിടിച്ചേക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെയാണ് മാറ്റംവരുത്താൻ ടീം മാനേജ്‌മെന്റ് തയാറാകുന്നത്. ജനുവരി മൂന്നിനാണ് നിർണായക മത്സരം.
23കാരനായ കോട്‌സി ഈ വർഷമാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ അരങ്ങേറിയത്. ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങൾകൊണ്ട് ശ്രദ്ധ നേടി. ഇത്തവണ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചിരുന്നു.30 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് ജയമെന്ന നേട്ടത്തിലെത്താനുള്ള സുവർണാവസരം സെഞ്ചൂറിയൻ പരാജയത്തോടെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 185 റൺസെടുത്ത ഡീൻ എൽഗറിന്റേയും ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റും നേടിയ കഗിസോ റബാഡെയുടെ മികവിലാണ് പ്രൊട്ടീസ് വിജയംകുറിച്ചത്.