'ഒരു റൺസെടുക്കൂ, എന്നിട്ട് ഡിക്ലയർ ചെയ്യാം': കിഷനോട് രോഹിത്
ഒരു റണ്ണെങ്കിലും നേടൂ എന്ന രീതിയിലുള്ള രോഹിത്തിന്റെ ആംഗ്യം ക്യാമറയില്‍ പതിയുകയായിരുന്നു.
ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽപോലും ഇന്ത്യയെ വെല്ലുവിളിക്കാൻ വിൻഡീസിന് കഴിഞ്ഞില്ല. രണ്ട് ഇന്നിങ്‌സിലുമായി വിൻഡീസിന് എടുക്കാനായത് 280 റൺസ് മാത്രം. അതോടെ ഇന്ത്യയുടെ ജയം ഇന്നിങ്‌സിനും 141 റൺസിനുമായിരുന്നു. രണ്ട് ഇന്നങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിനെ വൻ തകർച്ചയിലേക്ക് തള്ളിയിട്ടത്.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ പടുത്തുയർത്തിയത് 421 റൺസ്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 421 എന്ന മികച്ച സ്‌കോർ പടുത്തുയർത്തിയത്. സെഞ്ച്വറികൂട്ടുകെട്ടുമായ യശ്വസി ജയ്‌സ്വാളും നായകൻ രോഹിത് ശർമ്മയുമായാണ് വിൻഡീസ് ബൗളർമാരെ നിരാശരാക്കിയത്. 171 റൺസ് നേടി യശ്വസി ജയ്‌സ്വാൾ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ 103 റൺസുമായി രോഹിത് ഫോമിലേക്ക് തിരിച്ചെത്തി.76 റൺസ് നേടിയ നായകൻ വിരാട് കോഹ്‌ലിയും 37 റൺസ് നേടിയ രവീന്ദ്ര ജഡേജയും തങ്ങളുടെ റോളുകൾ മികച്ചതാക്കി.
അതേസമയം മത്സരത്തിൽ രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്നും വന്നൊരു പ്രതികരണം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഡിക്ലറേഷൻ ചെയ്യന്നതുമായി ബന്ധപ്പെട്ട് ഇഷൻ കിഷനോടായിരുന്നു രോഹിതിന്റെ പ്രതികരണം. അതും ഡ്രസിങ് റൂമിൽ നിൽക്കെ. ഇഷൻ കിഷൻ ആ സമയം ക്രീസിലുണ്ടായിരുന്നു. വിരാട് കോഹ്‌ലി പുറത്തായ ഉടന്‍ തന്നെ ഡിക്ലയര്‍ ചെയ്യാനായിരുന്നു രോഹിത്തിന്റെ പദ്ധതി. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഇഷാന്‍ കിഷന് അവസരം കിട്ടിക്കോട്ടെ എന്ന് കരുതിയാവണം താരത്തെ രോഹിത് ഗ്രൗണ്ടിലിറക്കിയത്. എന്നാല്‍ ഒരു റണ്ണെടുക്കാന്‍ ഇഷാന്‍ കിഷന് വേണ്ടിവന്നത് 20 പന്തുകള്‍!
ഒരു റണ്ണെങ്കിലും നേടൂ എന്ന രീതിയിലുള്ള രോഹിത്തിന്റെ ആംഗ്യം ക്യാമറയില്‍ പതിയുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഒടുവില്‍ ഇഷാന്‍ കിഷന്‍ റണ്‍സെടുത്ത ഉടന്‍ തന്നെ നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.