'ഹർദികിന് പ്ലാനുകളൊന്നുമുണ്ടായിരുന്നില്ല'; ആദ്യ ടി 20 യിലെ ഇന്ത്യയുടെ തോൽവിയിൽ മുൻ പാക് താരം
ന്യൂബോളിൽ ഹർദികിന് നന്നായി പന്തെറിയാനാകുന്നില്ലെന്നും ഡാനിഷ് കനേരിയ
ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ന്യൂസിലൻഡിനെ നിഷ്പ്രഭമാക്കിയെത്തിയ ഇന്ത്യൻ ടീം ആദ്യ ടി20യിൽ പരാജയപ്പെട്ടതിൽ പ്രതികരിച്ച് മുൻ പാകിസ്താൻ സ്പിന്നറായ ഡാനിഷ് കനേരിയ. ഇന്ത്യൻ നായകനായ ഹർദിക് പാണ്ഡ്യക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും ബൗളർമാരെ സമർഥമായി ക്യാപ്റ്റൻ ഉപയോഗിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡ് 21 റൺസിന് വിജയിക്കുകയും പരമ്പരയിൽ ഒരു വിജയത്തിന്റെ ലീഡ് നേടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് തന്റെ യൂട്യൂബ് ചാനലിലാണ് കനേരിയ ഇന്ത്യൻ നായകനെ വിമർശിച്ചത്.
'ബൗളർമാരുടെ റൊട്ടേഷൻ സമർഥമായി ഉപയോഗിക്കാൻ ഹർദിക് പാണ്ഡ്യക്കായില്ല. ശിവം മാവിയെ വളരെ വൈകിയാണ് ആക്രമണത്തിനായി കൊണ്ടുവന്നത്. അദ്ദേഹത്തെ കുറേക്കൂടി നേരത്തെ കൊണ്ടുവരേണ്ടിയിരുന്നു. ദീപക് ഹൂഡയെ കൂറേക്കൂടി ഉപയോഗിക്കേണ്ടിയിരുന്നു. ഒന്നോ രണ്ടോ തന്ത്രങ്ങളിൽ ഹർദികിന് പിഴച്ചു. അദ്ദേഹത്തിന് പ്ലാനുകളുണ്ടായിരുന്നില്ല' കനേരിയ കുറ്റപ്പെടുത്തി.
ന്യൂബോളിൽ ഹർദികിന് നന്നായി പന്തെറിയാനാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 'ഇന്ത്യൻ ബൗളർമാർ ഒരുപാട് റൺസ് വഴങ്ങി. ന്യൂബോളിൽ ഹർദിക് നന്നായി പന്തെറിഞ്ഞില്ല. ശരിയായ ഏരിയകളിലല്ല പന്തെറിഞ്ഞത്. മൂന്നു ഓവറിൽ 33 റൺസ് വഴങ്ങുകയും ചെയ്തു' കനോരിയ ചൂണ്ടിക്കാട്ടി.
ആദ്യ ടി20യിൽ 35 പന്തിൽ 52 റൺസ് നേടിയ ഓപ്പണർ ഡീവൺ കോൺവേയുടെയും 59 റൺസ് അടിച്ചുകൂട്ടിയ ഡാരിൽ മിച്ചറലിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ടോട്ടലാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങുകയായിരുന്നു. എന്നാൽ 28 പന്തിൽ 50 റൺസടിച്ച് കൂട്ടിയ വാഷിംഗ്ഡൺ സുന്ദറും 47 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യക്കായി തിളങ്ങി. ഹർദിക് 21 റൺസ് അടിച്ചു.
രണ്ടാം ടി20 ഇന്ന് ലക്നൗവിൽ
ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരപരമ്പരയിലെ രണ്ടാം ടി20 ഇന്ന് ലക്നൗവിൽ നടക്കും. ആദ്യ മത്സരം തോറ്റതിനാൽ ഇന്ത്യക്ക് ഇന്ന് ജയിക്കണം. 21 റൺസിനായിരുന്നു ന്യൂസിലാൻഡിന്റെ ജയം. രണ്ടാം മത്സരവും ജയിച്ച് പരമ്പര പോക്കറ്റിലാക്കാൻ ന്യൂസിലൻഡിറങ്ങുമ്പോൾ പരമ്പരയിൽ ഒപ്പമെത്താനുറച്ചാവും ഇന്ത്യയിറങ്ങുക. വൈകീട്ട് 7 മണിക്കാണ് മത്സരം. ലക്നൗവിലെ പിച്ച് തുടക്കത്തിൽ ബാറ്റർമാർക്ക് അനുകൂലമാകും. കളിയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ ഫാസ്റ്റ് ബൗളർമാർ ചില സഹായം കണ്ടെത്തിയേക്കാം, അതേസമയം മധ്യ ഓവറുകളിൽ സ്പിന്നർമാർ ഉപയോഗപ്രദമാകും. ഈ വിക്കറ്റിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്‌കോർ 172 റൺസാണ്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഇവിടെ 199 റൺസ് സ്‌കോർ ചെയ്തിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഇവിടെ മികച്ച റെക്കോർഡുകളില്ല.
സ്പിന്നർമാരെ നേരിടുന്നതിൽ പിറകിലുള്ള ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒരു സ്പിന്നറെ അധികമായി കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ഉമ്രാൻ മാലിക്കിന് പകരം യുസ്വേന്ദ്ര ചാഹൽ എത്തും. ആദ്യ കളിയിൽ നിറംമങ്ങിയ അർഷ്ദീപ് സിങ്ങിനെകളിപ്പിക്കുമോ എന്നത് സംശയമാണ്. ഈ സാഹചര്യത്തിൽ പേസ് നിരയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാൻ സാധിക്കുന്ന പേസ് ബൗളർ മുകേഷ് കുമാർ മാത്രമാണ്. താരം ഇതുവരെ അരങ്ങേറിയിട്ടില്ല. പരീക്ഷണമെന്ന നിലയിൽ ഇന്ത്യക്ക് മുകേഷിനെ പരിഗണിക്കാവുന്നതാണ്.
ആദ്യ മത്സരത്തിലേതുപോലെ തന്നെ രണ്ടാം മത്സരത്തിലും സ്പിന്നർമാരുടെ പ്രകടനം നിർണ്ണായകമാവും. ലഖ്നൗവിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതാണെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവും മികവ് കാട്ടിയിരുന്നു. പാർട്ട് ടൈം സ്പിന്നറെന്ന നിലയിൽ ദീപക് ഹൂഡയും തിളങ്ങി. അതേസമയം ഏകദിനത്തിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനാൽ ടി20 പരമ്പര ജയിച്ച് രക്ഷപ്പെടാനാണ് ന്യൂസിലാൻഡ് ശ്രമിക്കുന്നത്.
Hardik had no plans in the first T20: Danish Kaneria