'ഉയർന്ന ശമ്പളം': വൻ മാറ്റവുമായി ബി.സി.സി.ഐയുടെ പുതിയ കരാർ വരുന്നു
ഏതാനും കളിക്കാരെ ഒഴിവാക്കിയും ചിലർക്ക് പ്രൊമോഷൻ നൽകിയിട്ടുമുള്ളതായിരിക്കും പുതിയ കരാർ
മുംബൈ: മാറ്റങ്ങളോടെ കളിക്കാർക്കുള്ള വാർഷിക കരാർ അടുത്ത മാസം മുതൽ നിലവിൽ വരുമെന്ന് റിപ്പോർട്ട്. പുതിയ സെലക്ഷൻ കമ്മിറ്റിയുടെ നിർണയവും തെരഞ്ഞെടുപ്പും കാരണം, കരാർ സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിയിരുന്നു. വൻ മാറ്റങ്ങളാണ് പുതിയ കരാറിൽ ഉള്ളത്. ഏതാനും കളിക്കാരെ ഒഴിവാക്കിയും ചിലർക്ക് പ്രൊമോഷൻ നൽകിയിട്ടുമുള്ളതായിരിക്കും പുതിയ കരാർ. ശമ്പള വർധനനവാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഗ്രേഡിലുമുള്ള കളിക്കാർക്കും 10 മുതൽ 20 ശതമാനം വരെയുള്ള വർധനവ് ഉണ്ടാകും.
കളിക്കാരുടെ കഠിനാധ്വാനം പരിഗണിച്ചാണ് ശമ്പള വർധനവ്. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ശിഖർധവാന് സെൻട്രൽ കരാറിൽ നിന്ന് പുറത്താകും. ഇന്ത്യയുടെ ഒരു ടീമിലും ഇപ്പോൾ ശിഖര്‍ധവാന്‍ ഭാഗമല്ല. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് കാര്യമായ പ്രൊമോഷൻ ലഭിക്കും. നിലവിൽ ടി20 നായകനായ ഹാർദിക് പാണ്ഡ്യയെ ഗ്രേഡ് 'എ' യിലേക്ക് ഉയർത്തും. ടി20 ക്രിക്കറ്റിലെ രാജാവാണിപ്പോൾ സൂര്യകുമാർ യാദവ്.
ഏകദിനത്തിലും ഇപ്പോൾ ടെസ്റ്റ് ടീമിലേക്കും താരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ശുഭ്മാൻ ഗില്ലും മൂന്ന് ഫോർമാറ്റിലും സ്ഥിരം സാന്നിധ്യമാണ്. ഇവർക്കായിരിക്കും പുതിയ കരാറിൽ കാര്യമായ നേട്ടമുണ്ടാവുക. ഇംഗ്ലണ്ട് കളിക്കാരുമായി താരതമ്യം ചെയ്താൽ ഏറ്റവും കൂടുതൽ മാച്ച് ഫീ സമ്പാദിക്കുന്നത് ഇന്ത്യൻ അംഗങ്ങളാണെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ബിസിസിയുടെ കരാർ പ്രകാരം എ പ്ലാസ് കാറ്റഗറിയിലുള്ള കളിക്കാരാണ് ഏറ്റവും കൂടുകൽ ശമ്പളം കൈപറ്റുന്നത്. ഏഴ് കോടിയാണ് ഇവരുടെ വാർഷിക ശമ്പളം. എ കാറ്റഗറിയിലുള്ളവർ അഞ്ച് കോടിയും ബിയിലുള്ളവർ മൂന്ന് കോടിയും സി യിലുള്ളവർ ഒരു കോടിയുമാണ് സ്വീകരിക്കുന്നത്. മാച്ച് ഫീക്ക് പുറമെയുള്ള കണക്കാണിത്. നിലവിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയുലുള്ളത്. ഈ കാറ്റഗറിയിൽ മാറ്റം വരുമോ അതോ പുതുതായി ആരെങ്കിലും വരുമോ എന്നാണ് അറിയേണ്ടത്.