ന്യൂസിലാൻഡ് തോറ്റപ്പോൾ ചിരിച്ചത് പാകിസ്താൻ: സെമി സാധ്യതകൾ ഇങ്ങനെ...
ആസ്ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് സെമി പ്രവേശനത്തിനായി പൊരുതുന്നത്
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലാൻഡ് തോറ്റതോടെ പാകിസ്താനാണ് ആശ്വാസമായത്. നാല് മത്സരങ്ങളിൽ തോറ്റ പാകിസ്താൻ ബംഗ്ലാദേശിനെതിരെ വിജയിച്ച് സെമി സാധ്യത സജീവമാക്കിയിരുന്നു. എന്നാൽ മറ്റു ടീമുകളുടെ വിജയപരാജയങ്ങൾ പാകിസ്താന്റെ സെമി പ്രവേശനത്തിന് അനിവാര്യമായിരുന്നു.
അതിലൊന്നാണ് ന്യൂസിലാൻഡിന്റെ മത്സരങ്ങൾ. നിലവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയോട് അടുത്ത് നിൽക്കുന്നത്. ഇന്ന് ലങ്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കുകയാണെങ്കിൽ സെമി ഉറപ്പാകും.
ആസ്ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് സെമി പ്രവേശനത്തിനായി പൊരുതുന്നത്. എട്ട് പോയിന്റാണ് ആസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും ഉള്ളത്. ആറ് പോയിന്റുമായി അഫ്ഗാനിസ്താനും പാകിസ്താനും. ആസ്‌ട്രേലിയക്കും അഫ്ഗാനിസ്താനും മൂന്ന് മത്സരങ്ങൾ ഇനിയും കളിക്കാനുണ്ടെങ്കിൽ ന്യൂസിലാൻഡിനും പാകിസ്താനും രണ്ട് മത്സങ്ങളെ ബാക്കിയുള്ളൂ.
പാകിസ്താന് സെമി കാണണമെങ്കിൽ ന്യൂസിലാൻഡുമായുള്ള മത്സരം നിർണായകമാണ്. ശനിയാഴ്ചയാണ് മത്സരം. തോറ്റാൽ മടങ്ങാം. ജയിച്ചാൽ സെമി ഉറപ്പിക്കാൻ പറ്റില്ലെങ്കിലും പോയിന്റ് എട്ടാക്കാം. അടുത്ത മത്സരത്തിൽ പാകിസ്താന്റെ എതിരാളി ഇംഗ്ലണ്ടാണ്. അവരെയും തോൽപിച്ചെങ്കിൽ മാത്രമെ രക്ഷയുള്ളൂ.
എന്നാൽ ആദ്യ മത്സരങ്ങളിൽ ജയിച്ചുവന്ന ന്യൂസിലാൻഡിന് പിന്നീട് അടിതെറ്റുകയായിരുന്നു. കിവികൾക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമാണ്. പാകിസ്താനെയും ശ്രീലങ്കയെയും തോൽപിക്കണം. ഇതിൽ ഏതെങ്കിലും ഒന്നിൽ തോറ്റാൽ റൺറേറ്റ് നിർണായകമാകും. അപ്പുറത്ത് പാകിസ്താൻ റൺറേറ്റ് ഉയർത്താതിരുന്നാൽ മതി.
അഫ്ഗാനിസ്താനും ആറ് പോയിന്റാണെങ്കിലും ഇനി കളിക്കാനുള്ള എതിരാളികൾ കരുത്തരാണ്. ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എന്നിവരോടാണ് അവർക്കിനി കളിക്കാനുള്ളത്. നെതർലാൻഡ്‌സാണ് മറ്റൊരു ടീം. നെതർലാൻഡ്‌സിനെ കീഴടക്കിയാലും ദക്ഷിണാഫ്രിക്കയേയും ആസ്‌ട്രേലിയയേയും മറികടക്കുക പ്രയാസം. അതുകൊണ്ടാണ് ആസ്ട്രേലിയക്ക് സെമി സാധ്യത. ബംഗ്ലാദേശുമായും ആസ്ട്രേലിയക്ക് മത്സരമുണ്ട്. ശ്രീലങ്കയ്ക്കും സാധ്യതയുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല.