തീപ്പന്തുമായി ഉംറാന്‍, ലിവിങ്സ്റ്റണ്‍ വെടിക്കെട്ട്; ഹൈദരാബാദിന് ജയിക്കാന്‍ 152 റണ്‍സ്
അവസാന ഓവറില്‍ മൂന്ന് ബാറ്റര്‍മാരെയാണ് ഉംറാന്‍ കൂടാരം കയറ്റിയത്
തീപ്പന്തുമായി ഉംറാന്‍ മാലിക്കും വെടിക്കെട്ട് ബാറ്റിങ്ങുമായി ലിയാം ലിവിങ്സ്റ്റണും കളം നിറഞ്ഞു കളിച്ചപ്പോള്‍ പഞ്ചാബ്- ഹൈദരാബാദ് ആവേശപ്പോരില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിന് 152 റണ്‍സ് വിജയ ലക്ഷ്യം. ഉംറാന്‍ മാലിക്ക് നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മൂന്ന് ബാറ്റര്‍മാരെയാണ് ഉംറാന്‍ കൂടാരം കയറ്റിയത്.
പഞ്ചാബിനായി ലിവിങ്സ്റ്റൺ വെറും 33 പന്തില്‍ 4 ഫോറുകളുടേയും 5 സിക്‌സുകളുടേയും അകമ്പടിയിൽ 60 റൺസെടുത്തു. വെറും 26 പന്തിൽ നിന്നാണ് ലിവിങ്സ്റ്റൺ അർധസെഞ്ച്വറി തികച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വില്യംസന്‍റെ തീരുമാനത്തെ ശരിവക്കുന്ന രീതിയിലാണ് ഹൈദരാബാദ് ബൗളർമാർ പന്തെറിഞ്ഞു തുടങ്ങിയത്. സ്‌കോർ പത്തിൽ നിൽക്കെ ശിഖർ ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചു. തുടർന്ന് പ്രഭ്‌സിംറാൻ സിങ്ങിനെ നടരാജനും ജോണി ബെയർസ്‌റ്റോവിനെ ജഗ്തീഷ് സുജിത്തും കൂടാരം കയറ്റി.
തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന പഞ്ചാബിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ലിവിങ്സ്റ്റൺ-ഷാറൂഖ് ഖാൻ ജോഡിയാണ് ഭേധപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷാറൂഖ് ഖാൻ രണ്ട് സിക്‌സറുകളുടെയും ഒരു ഫോറിന്‍റേയും അകമ്പടിയിൽ 26 റൺസെടുത്ത് ഭുവനേശ്വറിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടാണ് ഉംറാന്‍ മാലിക്ക് തീപ്പന്തുമായി അവതരിച്ചത്.